ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ കൃത്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് ഫ്രാന്‍സ്
|കൊലപാതകത്തില്‍ സൌദി അറേബ്യയുടെ പങ്ക് വ്യക്തമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ ഫ്രാന്‍സിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഗ്രിവേക്സ് പറഞ്ഞു
മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ കൃത്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് ഫ്രാന്‍സ്. കൊലപാതകത്തില്‍ സൌദി അറേബ്യയുടെ പങ്ക് വ്യക്തമാണെന്നും ഫ്രഞ്ച് വക്താവ് വ്യക്തമാക്കി.
തലസ്ഥാനമായ പാരീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രിവേക്സ് നിലപാടറിയിച്ചത്. മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ സൌദി അറേബ്യയുടെ പങ്ക് വ്യക്തമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ ഫ്രാന്‍സിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഗ്രിവേക്സ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട ഇതു വരെയുള്ള കണ്ടെത്തലുകളെല്ലാം ഫ്രഞ്ച് ഇന്റലിജന്‍സ് വിഭാഗം ശരി വെച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.
നിലവില്‍ സൌദി അറേബ്യയുടെ പങ്ക് ഇക്കാര്യത്തില്‍ വ്യക്തമാണ്. തുടര്‍ നടപടികള്‍ എന്തു വേണമെന്ന് ഫ്രാന്‍സ് തീരുമാനമെടുക്കും. സൌദിക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തുക മാത്രമായിരിക്കില്ല ആ നടപടികളെന്നും ഫ്രഞ്ച് വക്താവ് അറിയിച്ചു.
2008 മുതല്‍ 2017 വരെ ഫ്രാന്‍സില്‍ നിന്നും ആയുധം വാങ്ങുന്ന രണ്ടാമത്തെ വലിയ ഉപഭോക്താവായിരുന്നു സൌദി. ടാങ്കറുകളും സൈനീക വാഹനങ്ങളുമടക്കം 12.6 ബില്യണ്‍ ഡോളറിന്റെ ആയുധ കച്ചവടമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്.
മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സൌദിക്കെതിരെ രംഗത്തെത്തിയിരുന്നു. സൌദിയുമായുള്ള ആയുധ വ്യാപാരം അവസാനിപ്പിക്കുമെന്നും ജര്മമനി വ്യക്തമാക്കിയിരുന്നു