2022ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുമെന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്താനും
|ബഹിരാകാശത്തേക്ക് മനുഷ്യനെ കയറ്റി അയക്കാന്‍ പദ്ധതി തയ്യാറാക്കിയതായി വ്യാഴാഴ്ചയാണ് പാക് വാര്‍ത്ത വിനിമയ മന്ത്രി ഫവാദ് ചൌധരി അറിയിച്ചത്
ചൈനയുടെ സഹായത്തോടെ 2022ൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനൊരുങ്ങി പാകിസ്താൻ. മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും 2022ലാണ് ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
ബഹിരാകാശത്തേക്ക് മനുഷ്യനെ കയറ്റി അയക്കാന്‍ പദ്ധതി തയ്യാറാക്കിയതായി വ്യാഴാഴ്ചയാണ് പാക് വാര്‍ത്ത വിനിമയ മന്ത്രി ഫവാദ് ചൌധരി അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. പാകിസ്താൻ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മിഷനും ഒരു ചൈനീസ് കമ്പനിയും തമ്മിൽ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടുവെന്നും ഫവാദ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിലേറിയതിന് ശേഷമുള്ള ഇമ്രാന്‍ ഖാന്റെ പ്രഥമ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.
അമേരിക്കക്കും റഷ്യക്കും ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച മൂന്നാമത്തെ രാജ്യമാണ് ചൈന. 2003ലാണ് ചൈന ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ചത്.
ഈ വർഷം ആദ്യം രണ്ട് പാക് നിര്‍മിത ഉപഗ്രഹങ്ങൾ ചൈനീസ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് ബഹിരാകാശത്തെത്തിച്ചിരുന്നു. ചൈനയിലെ ഗോബി മരുഭൂമിയിലെ ജ്യൂക്വാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നുമായിരുന്നു വിക്ഷേപണം. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 2022ൽ ഇന്ത്യ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാൻ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.