International Old
ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം: നിലപാട് കടുപ്പിച്ച് ചൈന
International Old

ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം: നിലപാട് കടുപ്പിച്ച് ചൈന

Web Desk
|
26 Oct 2018 2:45 AM GMT

ചൈനയെയും തായ്‌വാനെയും ആരെങ്കിലും വേര്‍തിരിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ചൈന പ്രതികരിച്ചു.

ദക്ഷിണ ചൈന കടലിലെ തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി ചൈന. ചൈനയെയും തായ്‌വാനെയും ആരെങ്കിലും വേര്‍തിരിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ചൈന പ്രതികരിച്ചു.

ബെയ്ജിംഗില്‍ നടന്ന ഷിയാംഗ്ഷന്‍ ഫോറത്തിലാണ് ദക്ഷിണ ചൈനക്കടലിലെ തര്‍ക്ക ദ്വീപിലും തായ്‌വാന്‍ വിഷയത്തിലും ചൈന നിലപാട് വ്യക്തമാക്കിയത്. അധികാര പരിധിയില്‍ പെട്ട ഒരിഞ്ച് സ്ഥലം പോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ചൈനീസ് പ്രതിരോധമന്ത്രി വെയി ഫെന്ഗെക പറഞ്ഞു. തായ്‍വാനെ ചൈനയിൽ നിന്ന് വേർതിരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ചൈനീസ് പട്ടാളം ഏത് നിലയ്ക്കും പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

"തായ്‌വാന്‍ പ്രശ്നം ചൈനയുടെ പരമാധികാരവും ഐക്യവുമായും ചൈനയുടെ അടിസ്ഥാന താല്‍പര്യങ്ങളുമായും ബന്ധപ്പെട്ടുള്ളതാണ്. ചൈനയുടെ അടിത്തറയെ ചോദ്യം ചെയ്യുന്നത് അവര്‍ക്ക് നല്ലതിനല്ല. ആരെങ്കിലും ചൈനയെ തായ്‌വാനില്‍ നിന്നും വേര്‍തിരിക്കാന്‍ ശ്രമിച്ചാല്‍ സൈന്യം ആയിരിക്കും മറുപടി നല്‍കുക", ചൈനീസ് പ്രതിരോധമന്ത്രി വ്യക്തമാക്കി.

ജനാധിപത്യ തായ്‌വാന്‍ എന്ന ആവശ്യത്തെ അമേരിക്ക പിന്തുണക്കുകയും രണ്ട് യുദ്ധക്കപ്പലുകള്‍ രാജ്യത്തേക്ക് അയക്കുകയും ചെയ്തതോടെയാണ് ചൈന നിലപാട് കടുപ്പിച്ചത്. ഒക്ടോബര്‍ 22നാണ് കപ്പലുകള്‍ അയച്ചിരുന്നത്. ഈ വര്‍ഷം രണ്ടാം തവണയാണ് അമേരിക്ക ഇവിടേക്ക് യുദ്ധക്കപ്പല്‍ അയക്കുന്നത്. പ്രതിവര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളറിന്‍റെ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈന കടല്‍ മേഖലയില്‍ വര്‍ഷങ്ങളായി സമുദ്ര ഭാഗത്തിനുമേല്‍ ചൈന അവകാശവാദം ഉന്നയിച്ചുവരികയാണ്. ചൈനക്ക് പുറമെ വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്വാന്‍ എന്നീ രാജ്യങ്ങളും അവകാശ വാദങ്ങളുമായി രംഗത്തുണ്ട്.

ചൈനയ്ക്ക് ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായി ഒരു അവകാശവം അധികാരവും ഇല്ലെന്ന് നേരത്തെ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. എന്നാല്‍ ചൈന വിധി തള്ളിക്കളഞ്ഞിരിക്കുകയാണ്.

Related Tags :
Similar Posts