International Old
ഗ്രീസില്‍ ഭൂചലനം; ആളപായമില്ല
International Old

ഗ്രീസില്‍ ഭൂചലനം; ആളപായമില്ല

Web Desk
|
27 Oct 2018 3:20 AM GMT

ഗ്രീസിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ലിബിയ, ഇറ്റലി, മാള്‍ട്ട, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ ചെറു ചലനങ്ങളുണ്ടായി.

ഗ്രീസില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പലയിടത്തും ഭൂമിയിലും കെട്ടിടങ്ങളിലും വിള്ളലുണ്ടായി. ഭൂചലനത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പടിഞ്ഞാറന്‍ ഗ്രീസില്‍ വെള്ളിയാഴ്ച്ച കാലത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് സകിന്തോസ് ദ്വീപില്‍ പലയിടത്തും വിള്ളലുകള്‍ രൂപപ്പെട്ടു.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇത് വരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഗ്രീസിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ലിബിയ, ഇറ്റലി, മാള്‍ട്ട, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ ചെറു ചലനങ്ങളുണ്ടായി. ആദ്യം ഗ്രീക്ക് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സകിന്തോസ് ദ്വീപില്‍ നിന്ന് 50 കിലോ മീറ്റര്‍ മാറി ലോണിയന്‍ കടലിലാണ് പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളുമുണ്ടായി. പലയിടത്തും വൈദ്യുതി ഭാഗികമായി തടസ്സപ്പെട്ടു. സക്കിന്തോസ് ദ്വീപില്‍ നിന്നും 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

സക്കിന്തോസില്‍ 1953 ലുണ്ടായ റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ശക്തമായ നാശ നഷ്ടങ്ങളാണുണ്ടായത്. 1999 ല്‍ ഗ്രീസ് തലസ്ഥാനമായ ഏതന്‍സിലുണ്ടായ ഭൂചലനത്തില്‍ 140 ഓളം ആളുകളും കൊല്ലപ്പെട്ടിരുന്നു.

Similar Posts