International Old
2500 വര്‍ഷം മുങ്ങി കിടന്ന കപ്പലിലെ ഭക്ഷണത്തിന് വരെ ഒന്നും സംഭവിച്ചില്ല; പര്യവേക്ഷണം അടുത്തറിയാം 
International Old

2500 വര്‍ഷം മുങ്ങി കിടന്ന കപ്പലിലെ ഭക്ഷണത്തിന് വരെ ഒന്നും സംഭവിച്ചില്ല; പര്യവേക്ഷണം അടുത്തറിയാം 

Web Desk
|
28 Oct 2018 1:04 PM GMT

കടലിൽ മുങ്ങിയ ലോകത്തെ ഏറ്റവും പഴക്കമുള്ള കപ്പൽ കരിങ്കടലിലെ ആഴങ്ങളിൽ നിന്നും കണ്ടെത്തി. 2500 വർഷത്തോളം പഴക്കമുള്ള കപ്പലിലെ ഭക്ഷണത്തിന് വരെ ഒന്നും സംഭവിച്ചില്ല എന്നത് അത്ഭുതത്തോടെയാണ് ലോകം വരവേറ്റത്. ഇരുപത്തി മൂന്ന് മീറ്റർ നീളമുള്ള കപ്പൽ പുരാതന ഗ്രീക്ക് മാതൃകയിലാണ് നിർമിച്ചിട്ടുള്ളത്. കടലിനടിയിൽ ഓക്സിജൻ അളവ് കുറഞ്ഞതിനാലാണ് ഇത്രയും കാലം ഒരു കേട് പാടും കൂടാതെ കപ്പൽ കിടന്നതെന്നാണ് പുരാവസ്തു നിരീക്ഷകരുടെ അനുമാനം.

കപ്പലിനകത്ത് മുങ്ങുന്നതിന് മുൻപ് കപ്പലിലെ യാത്രികർ കഴിച്ച മൽസ്യത്തിന്റെ മുള്ള് വരെ ഒരു കേടും കൂടാതെ പര്യവേക്ഷകർ കണ്ടത്തിയിട്ടുണ്ട്. ഒരു വർഷം നീണ്ട ബ്ലാക് സീ മാരിറ്റൈം ആര്‍ക്കിയോളജി പ്രോജക്റ്റ് എന്ന പദ്ധതിയുടെ ഭാഗമായിട്ടുള്ള പര്യവേക്ഷണത്തിലാണ് കപ്പൽ കരിങ്കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയിട്ടുള്ളത്. മനുഷ്യന്റെ നാഗരികത കരിങ്കടലിന് വരുത്തിയിട്ടുള്ള മാറ്റങ്ങൾ പഠിക്കുന്നതിന് വേണ്ടിയുള്ള പര്യവേക്ഷണമാണ് ബ്ലാക് സീ മാരിറ്റൈം ആര്‍ക്കിയോളജി പ്രോജക്റ്റ്.

കച്ചവട ആവശ്യത്തിനായി ഉപയോഗിച്ച കപ്പലാകാം ഇതെന്നും കടലിലെ ശക്തമായ കൊടുങ്കാറ്റിൽ തകർന്ന് കടലിൽ മുങ്ങിയതാകാമെന്നുമാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. പണ്ടത്തെ ചിത്രങ്ങളിലും പെയിന്റിങ്ങിലും മാത്രമാണ് ഇത്തരത്തിലുള്ള കപ്പൽ മുൻപ് കാണാൻ കഴിയുകയെന്ന് പര്യവേക്ഷണത്തിൽ പങ്കെടുത്ത ബ്ലാക് സീ മാരിറ്റൈം ആര്‍ക്കിയോളജി പ്രോജക്റ്റിന്റെ സി.ഇ.ഒ എഡ്‌വേർഡ് പാർക്കർ പറഞ്ഞു.

ഹോമറുടെ ഒഡീസിയില്‍ ഇതേ മാതൃകയിലുള്ള കപ്പല്‍ ചിത്രീകരിച്ചിട്ടുണ്ട്

പുതിയ കണ്ടെത്തൽ കപ്പൽ രൂപകൽപനയെ കുറിച്ചും പുരാതന കടൽ സഞ്ചാരത്തെ കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കുമെന്നും ഗവേഷകർ പറയുന്നു. പര്യവേക്ഷണത്തിന്റെ രണ്ട് മണിക്കൂർ ദൈർഘ്യം വരുന്ന വീഡിയോ ഡോക്യുമെന്ററി വരുന്ന ചൊവ്വാഴ്‍ച്ച ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

കപ്പലിന്റെ ഏകദേശ രൂപം പുനര്‍സ്യഷ്ടിച്ചത്
Similar Posts