‘ഇവിടം നിങ്ങളുടെ സ്വന്തം വീടായി കരുതാം’; കുടിയേറ്റക്കാര്‍ക്കായി സുപ്രധാന തീരുമാനവുമായി മെക്സിക്കോ
|താത്ക്കാലിക തിരിച്ചറിയൽ രേഖയും ജോലിക്കുള്ള താത്ക്കാലിക അനുമതിയും ആണ് പ്രഖ്യാപിച്ച സഹായങ്ങളിൽ ഏറ്റവും ആകർഷണമായത്.
രാജ്യത്ത് താമസിക്കാനായി അപേക്ഷ നൽകുന്ന കുടിയേറ്റക്കാർക്ക് ജോലിക്കുള്ള താത്ക്കാലിക അനുമതി നൽകുമെന്ന് മെക്സികോ. താത്ക്കാലിക തിരിച്ചറിയൽ രേഖകളും ചികിത്സയും വിദ്യാഭ്യാസവും നൽകുന്നതിനും ആലോചനയുണ്ടെന്ന് മെക്സിക്കോ വ്യക്തമാക്കി. യു.എസിലേക്ക് കുടിയേറാൻ കഴിയാതെ മെക്സിക്കോയിൽ കുടുങ്ങിയ ആയിരക്കണക്കിന് പേർക്ക് ആശ്വാസമാകും നടപടി.
മധ്യ അമേരിക്കയിൽ നിന്ന് യു.എസിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാർ താത്ക്കാലിക അഭയസ്ഥാനമായി തെരഞ്ഞെടുക്കുന്നത് ഇരു രാജ്യങ്ങളുടെയും നടുവിലായുള്ള മെക്സിക്കോ രാജ്യത്തെയാണ്. യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്സിക്കോ അതിർത്തിയിൽ 800 സൈനികരെ വിന്യസിക്കുമെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ട്രംപ് ഈ വാരം ആദ്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ മധ്യ അമേരിക്കയിൽ നിന്ന് യു.എസിലേക്ക് കുടിയേറാനായി എത്തിയ ആയിരക്കണക്കിന് പേർ മെക്സിക്കോയിൽ കുടുങ്ങി കിടക്കുകയായിരുന്നു.
മെക്സിക്കോയിൽ താത്ക്കാലിക അഭയം തേടുന്ന കുടിയേറ്റക്കാർക്ക് കൂടുതൽ സഹായം ലഭ്യമാക്കാനാണ് മെക്സിക്കോ ഭരണകൂടത്തിന്‍റെ തീരുമാനം. മെക്സിക്കോ നിങ്ങളുടെ വീടായി കരുതാമെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നവർക്ക് സഹായം ലഭ്യമാക്കുമെന്നും പ്രസിഡന്‍റ് എൻറിക് പെനാ നിറ്റോ പറഞ്ഞു.
താത്ക്കാലിക തിരിച്ചറിയൽ രേഖയും ജോലിക്കുള്ള താത്ക്കാലിക അനുമതിയും ആണ് പ്രഖ്യാപിച്ച സഹായങ്ങളിൽ ഏറ്റവും ആകർഷണമായത്. ഇതുകൂടാതെ ചികിത്സാസഹായവും കുടിയേറ്റക്കാരുടെ കുട്ടികൾക്ക് പഠന സൌകര്യവും പ്രാദേശിക ഹോസ്റ്റലുകളിൽ താമസസൌകര്യവും നൽകും. മെക്സിക്കോയിലെ ദക്ഷിണ സംസ്ഥാനങ്ങളായ ചിയാപാസിലും ഓക്സാകയിലും താമസിക്കുന്നവർക്കേ ഈ ആനുകൂല്യങ്ങൾ ലഭ്യമാകൂ. ഈ മാസം 22ന് മധ്യഅമേരിക്കയിൽ നിന്ന് 7000 പേരാണ് യു.എസിലേക്ക് പുറപ്പെട്ടത്.