118ാം ജന്മദിനം ആഘോഷമാക്കി ലോക മുത്തശ്ശി ജൂലിയ ഫ്ലോറെസ്
|മാമ ജൂലിയ എന്ന് എല്ലാവരും സ്നേഹപൂര്‍വം വിളിക്കുന്ന ജൂലിയ ഫ്ലോറെസ് 1900 ഒക്ടോബര്‍ 26 നാണ് പൊറ്റോസിയിലെ ജാപ്പോ നഗരത്തില്‍ ജനിച്ചത്
ഒരപൂര്‍വ്വ ജന്മദിനാഘോഷത്തിനാണ് ബൊളീവിയയിലെ സക്കാബോ നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ലോക മുത്തശ്ശി ജൂലിയ ഫ്ലോറെസിന്‍റെ 118ആം ജന്മദിനമാണ് കുടുംബവും നാട്ടുകാരും ഭരണാധികാരികളും ചേര്‍ന്ന് ആഘോഷമാക്കിയത്.
റോസ് നിറത്തിലുള്ള ഉടുപ്പും ബൊളീവിയയുടെ പരമ്പരാഗത കച്ചൌബമ്പ തൊപ്പിയും ധരിച്ച് ജൂലിയ അന്ന് അതീവ സുന്ദരിയായി. തന്‍റെ ഫോട്ടോ പതിച്ച തനിക്കേറ്റവും ഇഷ്ടപ്പെട്ട പാസ്ത കേക്ക് മുറച്ചാണ് 118ാം ജന്മദിനം ലോകമുത്തശ്ശി ആഘോഷമാക്കിയത്. അകമ്പടിയായി പാട്ടും ബാന്‍റും നൃത്തവുമൊക്കെ ഉണ്ടായിരുന്നു. ചടങ്ങില്‍ സ്ഥലത്തെ മേയര്‍ പ്രായം തെളിയിക്കുന്ന ഔദ്യോഗിക രേഖ കുടുംബത്തിന് കൈമാറി.
കുടുംബവുമായി ആലോചിച്ചതിന് ശേഷം ഗിന്നസ് റെക്കോഡിനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് മേയര്‍ ജുവാന്‍ കര്‍വജാല്‍ പറഞ്ഞു. ഈ അപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിക്കാനും മുത്തശ്ശിക്കൊപ്പം സെല്‍ഫിയെടുക്കാനും ധാരാളമാളുകള്‍ എത്തിയിരുന്നു.
മാമ ജൂലിയ എന്ന് എല്ലാവരും സ്നേഹപൂര്‍വം വിളിക്കുന്ന ജൂലിയ ഫ്ലോറെസ് 1900 ഒക്ടോബര്‍ 26 നാണ് പൊറ്റോസിയിലെ ജാപ്പോ നഗരത്തില്‍ ജനിച്ചത്. കൊച്ചുമകള്‍ അഗസ്റ്റിനാ ബെര്‍നായ്ക്കൊപ്പം സക്കാബായിലാണ് ഇപ്പോള്‍ താമസം.,
കഴിഞ്ഞ ഏപ്രിലില്‍ ജപ്പാനിലെ നെബി തജിമ എന്ന 117 കാരി മരിച്ചതിനെ തുടര്‍ന്നാണ് ജൂലിയ ഫ്ലോറസിനെ തേടി ലോകമുത്തശ്ശിപ്പട്ടം എത്തിയത്. ലോകത്ത് ഇപ്പോള്‍ 112 വയസ്സുള്ള 36 പേര്‍ ജീവിച്ചിരിപ്പുണ്ട്. അതില്‍ 34 പേരും സ്ത്രീകളാണ്.