ഒരു മണിക്കൂര്‍ പിന്നോട്ട് സഞ്ചരിച്ച് ഫ്രാന്‍സിലെ ‘ടെെം മെഷീന്‍’
|എല്ലാ വര്‍ഷവുമുള്ള ശൈത്യകാല സമയമാറ്റത്തിന്റെ ഭാഗമായാണ് പാരീസുകാര്‍ക്ക് ഒരു മണിക്കൂര്‍ ആധിക സമയം ലഭിക്കുന്നത്.
ലോകത്ത് പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത കാര്യങ്ങളിലൊന്നാണ് സമയം. എന്നാല്‍ ഇന്നലെ ഫ്രാന്‍സില്‍ സമയം പിന്നോട്ട് സഞ്ചരിക്കുന്ന കാഴ്ചയാണ് കണ്ടത്. വെളുപ്പിന് പാരീസിലെ ക്ലോക്കില്‍ മൂന്നടിച്ചപ്പോള്‍ രാജ്യത്തെ സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് മാറ്റി 2 മണിയാക്കി പുനക്രമീകരിച്ചു. ശൈത്യകാലത്തെ വാര്‍ഷിക സമയ മാറ്റത്തിന്റെ ഭാഗമായാണ് ഈ അവസരം.
എല്ലാ വര്‍ഷവുമുള്ള ശൈത്യകാല സമയമാറ്റത്തിന്റെ ഭാഗമായാണ് പാരീസുകാര്‍ക്ക് ഈ ഒരു മണിക്കൂര്‍ ആധിക സമയം ലഭിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ സമയമാറ്റം ഇത്തരത്തിലുളള അവസാന സമയമാറ്റം ആകാനും സാധ്യതയുണ്ട്. നിലവില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് സമയം പുനക്രമീകരിക്കുന്നത്. മാര്‍ച്ചിലെ അവസാന ആഴ്ച ഒരു മണിക്കൂര്‍ മുന്നോട്ടും, ഒക്ടോബറില്‍ ഒരു മണിക്കൂര്‍ പിന്നോട്ടും മാറ്റുന്നതാണ് പതിവ്, എന്നാല്‍ ഈ പതിവ് നിര്‍ത്താനുള്ള ആലോചനയിലാണ് യൂറോപ്യന്‍ കമ്മീഷന്‍.
നേരത്തെ നടത്തിയ സര്‍വേയില്‍ സമയമാറ്റം ജനങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായും, സമയം മാറ്റുന്ന ദിവസങ്ങളില്‍ വാഹനാപകടങ്ങള്‍ 30 ശതമാനം വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ സമയമാറ്റത്തിന് തങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കാറില്ലെന്നാണ് പാരീസിലുള്ളവര്‍ പറയുന്നത്.
2019 ഏപ്രിലില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താനാണ് യൂറോപ്യന്‍ യൂണിയന്‍ ഗവണ്‍മെന്റുകള്‍ക്ക് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.