ഇന്തോനേഷ്യ വിമാനപകടം: ആറ് പേരുടെ മൃതദേഹം കണ്ടെത്തി
|181 യാത്രക്കാരുള്‍പ്പെടെ 189 പേരുമായി രാവിലെയാണ് വിമാനം ജാവാ കടലില്‍ തകര്‍ന്നു വീണത്. തെരച്ചില്‍ തുടരുകയാണ്.
ഇന്തോനേഷ്യയില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തിലുണ്ടായിരുന്ന ആറ് പേരുടെ മൃതദേഹം കണ്ടെത്തി. 181 യാത്രക്കാരുള്‍പ്പെടെ 189 പേരുമായി രാവിലെയാണ് വിമാനം ജാവാ കടലില്‍ തകര്‍ന്നു വീണത്. തെരച്ചില്‍ തുടരുകയാണ്.
ലയണ്‍ എയറിന്റെ 737 മാക്സ് 8 വിമാനമാണ് അപകടത്തില്‍പെട്ടത്. പ്രാദേശിക സമയം രാവിലെ 6.30ന് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കുള്ളില്‍ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ജക്കാര്‍ത്തയില്‍ നിന്ന് സുമാത്രയിലേക്ക് പോവുന്നതിനിടെയാണ് അപകടം.
210 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന വിമാനമാണിത്. ജക്കാര്‍ത്തയില്‍ നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ തെരച്ചില്‍ തുടരുകയാണ്. സുരക്ഷാ ഏജന്‍സിയുടെ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, നൂറ് കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ആറ് പേരുടെയും മൃതദേഹം ക്രമാത്ത് ജാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് ലയണ്‍ എയറിന്റെ വിമാനങ്ങള്‍ മുമ്പും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ കുറവിനെ തുടര്‍ന്ന് നിരവധി ആരോപണങ്ങളും കമ്പനി നേരിട്ടുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് എയര്‍ലൈന്‍സ് അധികൃതര്‍ രംഗത്തെത്തി.