കടലില്‍ വീണ ഇന്തോനേഷ്യന്‍ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍
|6000 മണിക്കൂര്‍ ക്യാപ്റ്റനെന്ന നിലയിലും 5000 മണിക്കൂര്‍ സഹ ക്യാപ്റ്റനെന്ന നിലയിലും വിമാനം പറത്തി പരിചയമുള്ളയാളാണ് സുനേജ. പറന്നുയര്‍ന്ന് മിനുറ്റുകള്‍ക്കകം സമുദ്രത്തില്‍ തകര്‍ന്ന വിമാനത്തില്‍ 189...
ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനുറ്റുകള്‍ക്കകം കടലില്‍ വീണ ഇന്തോനേഷ്യന്‍ യാത്രാ വിമാനം പറത്തിയത് ഇന്ത്യക്കാരനായ പൈലറ്റ്. ഡല്‍ഹി സ്വദേശിയായ ഭവ്യ സുനേജ(31)യാണ് യാത്രാ വിമാനത്തിന്റെ പ്രധാന പൈലറ്റായിരുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭവ്യ സുനേജ ഇന്തോനേഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറില്‍ ചേര്‍ന്നത്.
ക്യാപ്റ്റന്‍ സുനേജക്കൊപ്പം സഹ പൈലറ്റായി ഹാര്‍വിനോ എന്നയാളും ആറ് കാബിന്‍ ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. 6000 മണിക്കൂര്‍ ക്യാപ്റ്റനെന്ന നിലയിലും 5000 മണിക്കൂര്‍ സഹ ക്യാപ്റ്റനെന്ന നിലയിലും വിമാനം പറത്തി പരിചയമുള്ളയാളാണ് സുനേജ. പറന്നുയര്‍ന്ന് മിനുറ്റുകള്‍ക്കകം സമുദ്രത്തില്‍ തകര്‍ന്നു വീണ ബോയിംങ് 737 മാക്‌സ് 8 യാത്രാ വിമാനത്തില്‍ 189 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 13 മിനുറ്റുകള്‍ക്കകം വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടമായിരുന്നു. വിമാനം കടലില്‍ വീഴുന്നത് കണ്ടുവെന്ന് ഒരു ബോട്ടിലുള്ളവര്‍ അറിയിക്കുകയായിരുന്നു.
അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തകര്‍ന്നുവീഴും മുമ്പ് വിമാനത്തില്‍ നിന്നും അപായ സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. 98 അടി മുതല്‍ 115 അടി വരെ ആഴമുള്ള സമുദ്രഭാഗത്തായാണ് വിമാനം തകര്‍ന്നുവീണത്. ബോട്ടുകളും കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ഇന്തോനേഷ്യന്‍ വിമാനകമ്പനിയായ ലയണ്‍ എയറില്‍ ചേരുന്നതിന് മുമ്പ് എമിറേറ്റ്‌സില്‍ ട്രെയിനിയായി സുനേജ ജോലിയെടുത്തിരുന്നു. ബോയിംങ് 737 യാത്രാ വിമാനങ്ങള്‍ പറത്തുന്നതില്‍ പരിചയസമ്പന്നനായിരുന്നു സുനേജ. അപകടത്തില്‍ പെട്ടത് പുതിയ വിമാനമാണെന്നും അപകടകാരണം എന്തെന്ന് വ്യക്തമല്ലെന്നുമാണ് വിമാന കമ്പനിയുടെ പ്രതികരണം.