ബെനീറ്റോ മുസ്സോളിനി: ലോകത്തെ ഇരുണ്ട കാലത്തിലേക്ക് നയിച്ച ഇറ്റലിയുടെ സ്വേച്ഛാധിപതി
|1945 ഏപ്രിലില്‍ ഓസ്ട്രിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമോ തടാകത്തിനടുത്ത് വെച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.
ലോകം കണ്ട സ്വേച്ഛാധിപതിയായ നേതാവ്. 1922 ഒക്ടോബര്‍ 30നാണ് മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായത്. 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ മുസ്സോളിനി തല്‍സ്ഥാനത്ത് തുടര്‍ന്നു.
1883 ജൂലൈ 29-ന് ഇറ്റലിയിലെ ഡോവിയയിലാണ് മുസോളിനിയുടെ ജനനം. പിതാവിനെപ്പോലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിതീർന്ന മുസ്സോളിനി ആദ്യം അധ്യാപകനായി. പിന്നീട്, സൈനികനായി. പിന്നെ പത്രപ്രവർത്തകനും. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് കൂറു പുലര്‍ത്തിയിരുന്ന മുസോളിനി ഒന്നാം ലോകമഹായുദ്ധ കാലത്താണ് അതിനോട് വിട പറഞ്ഞത്.
1919 ല്‍ അദ്ദേഹം ഫാസിഡികൊമ്പാത്തിമെന്റൊ സ്ഥാപിച്ചതോടെ ഫാസിസം ഒരു സംഘടിത പ്രസ്ഥാനമായി മാറുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട തൊഴിലില്ലായ്മയും ഭരണഅസ്ഥിരതയും പരിഹരിക്കുവാനും പുതിയ ഒരു ദിശയിലേക്ക് ഇറ്റലിയെ നയിക്കുവeനും മുസോളിനിയും കൂട്ടരും തീരുമാനിച്ചു. ദേശീയതയ്ക്കുവേണ്ടി സോഷ്യലിസത്തിനെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു ഫാസിഡി കൊമ്പാറ്റിമെന്റോയുടെ പ്രഖ്യാപിത ലക്ഷ്യം.
പതിനെട്ടു വയസില്‍ വോട്ടവകാശം, സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ, പുതിയ ഭരണഘടന, എട്ട് മണിക്കൂര്‍ ജോലി, പള്ളിയുടെ സമ്പത്ത് പിടിച്ചെടുക്കല്‍ എന്നിങ്ങനെ യുദ്ധാനന്തരദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരു ശരാശരി ഇറ്റലിക്കാരനെ സ്വാധീനിക്കുവാന്‍ പോരുന്ന ജനപ്രിയ കര്‍മ്മപരിപാടികള്‍ രണ്ട് മാസത്തിനകം മുസോളിനി പ്രഖ്യാപിച്ചു. അങ്ങനെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുതകും വിധം പുരോഗമനപരമായി തോന്നുന്ന ആശയങ്ങളുമായി മുസോളിനി ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ചു. ഏതാണ്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ ഇറ്റലിയുടെ ഭരണം കൈപ്പിടിയിലൊതുക്കാന്‍ മുസ്സോളിനിക്കായി.
1921 ല്‍ മുസോളിനി ഇറ്റലിയിലെ പാര്‍ലമെന്റംഗമായി. അരാജകത്വം അവസാനിപ്പിക്കുന്നതില്‍ നിലവിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ 1922 ഒക്ടോബറില്‍ രാജാവ് മുസോളിനിയെ വിളിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അക്കൊല്ലം 26,000 അനുയായികളോടെ റോമിലേക്ക് മാര്‍ച്ച് നടത്തിയ മുസോളിനിയുടെ രാഷ്ട്രീയ പിന്‍ബലം മനസിലാക്കിയ രാജാവ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ അധികാരം കൂടി നല്കി.
അതോടെ മുസോളിനി തന്റെ സ്വേഛാധിപത്യരീതികള് പുറത്തെടുത്തു. രാജാവിനും മാര്‍പാപ്പയ്ക്കും മുകളിലാണ് താനെന്നു കരുതി. പല കാര്യങ്ങളും അദ്ദേഹം ഒരേ സമയത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു തുടങ്ങി. മുസോളിനിയുടെ ഫാസിസ്റ്റ് രീതികളില്‍ ജനങ്ങള്‍ അതൃപ്തരായി തുടങ്ങി. പക്ഷെ പാര്‍ലമെന്റില്‍ പിന്തുണയുണ്ടായിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളും തന്റെ വരുതിക്ക് കീഴിലാക്കി. തെരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായ ചില കര്‍ശന മാറ്റങ്ങളും വിലക്കുകളും കൊണ്ടുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ അധികാരവും സ്വന്തം കീഴിലാക്കി. രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്കേ കഴിയൂ എന്നദ്ദേഹം പത്രങ്ങളിലൂടെ വിളംബരം ചെയ്തു. ഇറ്റലിയില്‍ പൊലീസ് ഭരണം കൊണ്ടുവന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ പീഢിപ്പിക്കാന്‍ തുടങ്ങി. പാര്‍ലമെന്റിലെ കീഴ്വഴക്കങ്ങളും നിയമസംഹിതകളും മാറ്റിയെഴുതി.
ജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി മുസോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം മുസ്സോളിനിയുടെ ഇറ്റലിയും അച്ചുതണ്ടുശക്തികളില്‍ പങ്കാളികളായി. മുസ്സോളിനി എന്ന പേര് എന്നും ചേര്‍ത്തുവെക്കപ്പെടുന്നത് ഹിറ്റ്ലറോടാണ്. ആ പേര് ഓര്‍മ്മപ്പെടുത്തുന്നതോ ലോക മഹായുദ്ധത്തെക്കുറിച്ചും. 1940 ല്‍ രണ്ടാംലോക മഹായുദ്ധത്തില്‍ ഇറ്റലിയും പങ്കു ചേര്‍ന്നു. എന്നാല്‍ മൂന്നു വർഷങ്ങൾക്കു ശേഷം സഖ്യകക്ഷികള്‍ ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു.
1945 ഏപ്രിലില്‍ ഓസ്ട്രിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമോ തടാകത്തിനടുത്ത് വെച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. തുടര്‍ന്ന് മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.