2000 ബ്രഡ് കഷണങ്ങളില്‍ മൊണാലിസ തെളിഞ്ഞപ്പോള്‍
|ആ അത്ഭുതത്തെ ഫുഡ് ആര്‍ട്ടിലൂടെ പുനര്‍ജനിപ്പിച്ചിരിക്കുകയാണ് ജപ്പാനിലെ പാചക പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍.
ചിത്രകലയിലെ അത്ഭുതമാണ് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസ. ആ അത്ഭുതത്തെ ഫുഡ് ആര്‍ട്ടിലൂടെ പുനര്‍ജനിപ്പിച്ചിരിക്കുകയാണ് ജപ്പാനിലെ പാചക പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍. ഫുക്കുവോക്കയിലെ വിദ്യാര്‍ഥികളാണ് 2000 ബ്രഡിന്റെ കഷണങ്ങള്‍ കൊണ്ട് മൊണാലിസയുടെ രൂപം തീര്‍ത്തിരിക്കുന്നത്.
ക്യൂലിനറി സ്കൂളിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മൊണാലിസക്ക് പുതുരൂപം നല്‍കിയത്. മുപ്പത് വിദ്യാര്‍ഥികള്‍ രണ്ട് മാസമെടുത്താണ് രൂപം തീര്‍ത്തത്. 7.8 അടി നീളവും 1.5 മീറ്റര്‍ വീതിയും ബ്രഡില്‍ തീര്‍ത്ത രൂപത്തിനുണ്ടെന്ന് ജപ്പാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ബ്രഡിന്റെ കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലൈവുഡിന്റെ ഷീറ്റില്‍ മൊണാലിസയുടെ ചിത്രം വരച്ച ശേഷം ബ്രഡ് സ്ലൈസുകള്‍ ഇതിനോട് ചേര്‍ക്കുകയായിരുന്നു. വിവിധ തരത്തില്‍ ടോസ്റ്റ് ചെയ്ത ശേഷമാണ് ബ്രഡിന്റെ വ്യത്യസ്തമായ നിറങ്ങള്‍ ഉപയോഗിച്ചതെന്ന് വിദ്യാര്‍ഥി നേതാവ് അകാരി നഗാട്ട പറയുന്നു.