സ്പീക്കറുടെ ശ്രമങ്ങള്‍ വിഫലം; ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
|പ്രതിസന്ധി പാര്‍ലമെന്റില്‍ തന്നെ പരിഹരിക്കണമെന്നും, പാര്‍ലമെന്റ് മരവിപ്പിച്ച നടപടി പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ കരു ജയസൂര്യ പ്രസിഡന്റിനെ കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിസന്ധി അയവില്ലാതെ തുടരുന്നു. മരവിപ്പിച്ച പാര്‍ലമെന്റ് വീണ്ടും വിളിച്ചു ചേര്‍ക്കാന്‍ അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ കരു ജയസൂര്യ പ്രസിഡന്റിനെ കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. അതേസമയം, പ്രധാനമന്ത്രിയെ പുറത്താക്കിയ നടപടിയുടെ നിയമ സാധുത ആരാഞ്ഞ് സ്പീക്കര്‍ സമര്‍പ്പിച്ച കത്തിന് മറുപടി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ വിസമ്മതിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ നാടകീയമായി അട്ടിമറിച്ചതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയത് അട്ടിമറിയാണെന്നാരോപിച്ച് വിക്രമസിംഗെ നേതൃത്വം നല്‍കുന്ന ‘യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി’ കഴിഞ്ഞ ദിവസം തെരുവു പ്രക്ഷോഭങ്ങള്ക്കു തുടക്കം കുറിച്ചിരുന്നു.
പ്രതിസന്ധി പാര്‍ലമെന്റില്‍ തന്നെ പരിഹരിക്കണമെന്നും പാര്‍ലമെന്റ് മരവിപ്പിച്ച നടപടി പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ കരു ജയസൂര്യ പ്രസിഡന്റിനെ കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്താല്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമത്തിലാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമിംഗെ.
പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാന്‍ രാജ്യാന്തര തലത്തിലും പ്രസിഡന്റ് സിരിസേനയ്ക്ക് മേല്‍ സമ്മര്‍ദമേറുകയാണ്. അതിനിടെ, പ്രതിസന്ധിക്ക് പരിഹാരം ആരാഞ്ഞ പാര്‍ലമെന്ററി സ്പീക്കര്‍ക്ക് ഉപദേശം നല്‍കാന്‍ അറ്റോണി ജനറല്‍ വിസമ്മതിച്ചു. പ്രധാനമന്ത്രിയ പുറത്താക്കി അധികാരം പിടിച്ചെടുത്ത മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സയുടെ നടപടിയുടെ നിയമസാധുത ഉള്‍പ്പെടെ അഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് സ്പീക്കര്‍ അറ്റോണി ജനറലിനെ സമീപിച്ചത്. തീര്‍ത്തും അനുചിതമായതിനാലാണ് ആവശ്യത്തോട് പ്രതികരിക്കാത്തതെന്നാണ് അറ്റോണി ജനറലിന്റെ വിശദീകരണം.