മതനിന്ദ ആരോപിച്ച് വധശിക്ഷക്ക് വിധിച്ച സ്ത്രീയെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വെറുതെ വിട്ടു
|പ്രവാചകനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന കുറ്റത്തിന് വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇതാണ് പിന്നീട് സുപ്രീംകോടതി റദ്ദാക്കിയത്.
പാക്കിസ്ഥാനില്‍ മതനിന്ദാ നിയമം അനുസരിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതിയുടെ ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. കേസില്‍ ഒമ്പത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് മോചിപ്പിക്കാനുള്ള ഉത്തരവ്. വിധിയെ വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരും സ്വാഗതം ചെയ്തു.
ആസിയ ബീബി എന്ന കൃസ്ത്യന്‍ യുവതിയുടെ വധ ശിക്ഷയാണ് പാക് സുപ്രീംകോടതി റദ്ദാക്കിയത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസില്‍ 2010ലാണ് ആസിയബീബിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. പ്രവാചകനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നായിരുന്നു കുറ്റം. പിന്നീട് കേസ് പരിഗണിച്ച ലാഹോര്‍ ഹൈക്കോടതി വിചാരണ കോടതിയുടെ വിധി ശരിവെച്ചു.
ഏറ്റവുമൊടുവില്‍ വധശിക്ഷക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഇപ്പോള്‍ കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്. ചീഫ് ജസ്റ്റിസ് സാഖിബ് നിസാറാണ് വിധി പ്രസ്താവിച്ചത്. മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ നേരത്തേയും നിരവധി പേരെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരുടെയും ശിക്ഷ നടപ്പാക്കിയിട്ടില്ല