International Old
റഷ്യയിലെ എഫ്.എസ്.ബി ആസ്ഥാനത്ത് ചാവേര്‍  സ്ഫോടനം
International Old

റഷ്യയിലെ എഫ്.എസ്.ബി ആസ്ഥാനത്ത് ചാവേര്‍  സ്ഫോടനം

Web Desk
|
1 Nov 2018 2:33 AM GMT

റഷ്യയിലെ എഫ്.എസ്.ബി ആസ്ഥാനത്ത് സ്ഫോടനം. ഇന്നലെയാണ് ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് ആസ്ഥാനത്തെ ലോബിയില്‍ പതിനേഴ്കാരന്‍ സ്വയം പൊട്ടിത്തെറിച്ചത്. സ്ഫോടനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

മോസ്കോയില്‍ നിന്നും 750 മൈല്‍ അകലെ രാജ്യത്തെ വടക്കന്‍ നഗരമായ അര്‍ഗാന്‍ഗല്‍സ്കില്‍ ബുധനാഴ്ചയാണ് സ്ഫോടനം നടന്നത്. റഷ്യയുടെ തീവ്രവാദ വിരുദ്ധ കമ്മറ്റിയുടെ പ്രാഥമിക അന്വേഷണ പ്രകാരം എഫ്.എസ്.ബി ആസ്ഥാനത്ത് ലോബിയിലേക്ക് കടന്ന് വന്ന 17 വയസുകാരന്‍ തന്‍റെ ബാഗ് തുറന്ന് ഒരു വസ്തു പുറത്തെടുക്കുകയും കൈയില്‍ നിന്നും പൊട്ടിതെറിക്കുകയുമായിരുന്നു. സിസിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. പേര് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇയാള്‍ പ്രദേശവാസി തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ചത് പ്രാദേശികമായി നിര്‍മ്മിച്ച ബോംബാണെന്നും കണ്ടെത്തിയിട്ടുണ്ട്.

എഫ്.എസ്.ബി ഉദ്യോഗസ്ഥരായ മൂന്ന് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. തീവ്രവാദ വിരുദ്ധ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഫോടനം സംബന്ധിച്ച എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് കമ്മറ്റി വക്താവ് അറിയിച്ചു.

സ്ഫോടനമുണ്ടാക്കിയ കൗമാരക്കാരന്‍റെ സാമൂഹിക കുടുംബ പശ്ചാത്തലം അന്വേഷിച്ച് വരികയാണെന്നും ഇയാളുടെ ലക്ഷ്യമെന്തെന്നതടക്കമുള്ള വിവരങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും കമ്മറ്റി വക്താവ് പറഞ്ഞു.

എന്നാല്‍ സ്ഫോടനത്തിന് മുമ്പ് ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി സ്വയം പരിചയപ്പെടുത്തകയും കെട്ടിച്ചമച്ച കേസുകളിലൂടെ എഫ്.എസ്.ബി ജനങ്ങളെ പീഡിപ്പിക്കുന്നതായി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Tags :
Similar Posts