International Old
ഇറാന് മേലുള്ള രണ്ടാംഘട്ട ഉപരോധം കൂടുതല്‍ ശക്തമായിരിക്കുമെന്ന് അമേരിക്ക
International Old

ഇറാന് മേലുള്ള രണ്ടാംഘട്ട ഉപരോധം കൂടുതല്‍ ശക്തമായിരിക്കുമെന്ന് അമേരിക്ക

Web Desk
|
3 Nov 2018 1:49 AM GMT

അമേരിക്കയുടെ നീക്കം ഇറാന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇറാന് മേലുള്ള രണ്ടാംഘട്ട ഉപരോധം കൂടുതല്‍ ശക്തമായിരിക്കുമെന്ന് അമേരിക്ക. 2015ലെ ആണവ കരാറിന്റെ ഭാഗമായി പിന്‍വലിച്ച എല്ലാ ഉപരോധങ്ങളും അമേരിക്ക പുനസ്ഥാപിക്കും. അമേരിക്കയുടെ നീക്കം ഇറാന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഉപരോധങ്ങള്‍ക്ക് രാജ്യത്തെ തകര്‍ക്കാനാകില്ലെന്ന് ഇറാനും പ്രതികരിച്ചു.

ഇറാന് മേല്‍ ഏറ്റവും ശക്തമായ ഉപരോധമായിരിക്കും രണ്ടാം ഘട്ടത്തില്‍ ഏര്‍പ്പെടുത്തുകയെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. ഉപരോധങ്ങള്‍ ഗൌരവമുള്ളതായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സാമ്പത്തിക, ഊര്‍ജ , പ്രതിരോധ മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തും. ഉപരോധം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എണ്ണ കമ്പനികള്‍ക്കും ഷിപ്പിങ് കമ്പനികള്‍ക്കും പുറമെ 700 വ്യക്തികളും അമേരിക്കയുടെ ഉപരോധ പട്ടികയിലുണ്ടാകുമെന്നാണ് സൂചന .

എന്നാല്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇറ്റലി, ഇന്ത്യ , ജപ്പാന്‍ ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് യു.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപരോധം പിന്‍വലിക്കണമെങ്കില്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള ആണവ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും സിറിയയിലെ സൈനിക ഇടപെടലില്‍ നിന്ന് ഇറാന്‍ പിന്‍മാറണമെന്നും അമേരിക്ക നിര്‍ദേശിക്കുന്നുണ്ട്. ട്രംപിന്റെ നീക്കം ഇറാന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും അമേരിക്കയുടെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുടെ തീരുമാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഖേദം പ്രകടിപ്പിച്ചു. വ്യവസ്ഥകളില്‍ ന്യൂനതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാനുമായുളള ആണവ കരാറില്‍ നിന്ന് ട്രംപ് നേരത്തെ പിന്‍മാറിയിരുന്നു .

Related Tags :
Similar Posts