International Old
അമേരിക്ക - ചൈന വ്യാപാര യുദ്ധം; പ്രതീക്ഷ പകര്‍ന്ന്  ട്രംപ് -ഷീ ജിന്‍ പിങ് ഫോണ്‍ സംഭാഷണം  
International Old

അമേരിക്ക - ചൈന വ്യാപാര യുദ്ധം; പ്രതീക്ഷ പകര്‍ന്ന് ട്രംപ് -ഷീ ജിന്‍ പിങ് ഫോണ്‍ സംഭാഷണം  

Web Desk
|
3 Nov 2018 2:34 AM GMT

വ്യാപാരബന്ധം മെച്ചപ്പെട്ടേക്കുമെന്ന് സൂചന

അമേരിക്ക- ചൈന വ്യാപാരയുദ്ധത്തില്‍ അയവ് വരുന്നതായി റിപ്പോര്‍ട്ട്. കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രസിഡന്റ് ഷീ ജീന്‍പിങുമായി ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണം അനുകൂലമായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.

ഈ മാസം ആദ്യം ട്രംപും ഷീ ജീന്‍ പിങുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പ്രതീക്ഷ പകര്‍ന്ന് ട്രംപിന്റെ ഫോണ്‍ സംഭാഷണം. രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരബന്ധം മെച്ചപ്പെടുമെന്ന സൂചന നല്‍കുന്നതാണ് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങിന്റെ പ്രതികരണം. ഷീ ജീന്‍പിങും ട്രംപും തമ്മിലുള്ള സംഭാഷണം ചൈനക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ച് നേതാക്കള്‍ വിശദമായ ചര്‍ച്ച നടത്തിയെന്നും ലൂ കാങ് വ്യക്തമാക്കി.

നിലവില്‍ ഇരു രാജ്യങ്ങളും ഉല്‍പന്നങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇരു നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സമവായം ഉണ്ടായില്ലെങ്കില്‍ വ്യാപാരയുദ്ധം കനക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഡിസംബറോടെ ചൈനയില്‍ നിന്നുള്ള മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും അമേരിക്ക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹത്തിനിടെയാണ് ചൈനക്ക് ആശ്വാസമായി പുതിയ ഇടപെടല്‍.

Related Tags :
Similar Posts