International Old
ഇറാന്‍റെ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അമേരിക്കയുടെ അനുമതി; സമ്മതം മൂളാന്‍ കാരണം...
International Old

ഇറാന്‍റെ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അമേരിക്കയുടെ അനുമതി; സമ്മതം മൂളാന്‍ കാരണം...

ടി.വി സജിത്
|
5 Nov 2018 4:02 PM GMT

ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തുര്‍ക്കി, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, തായ്‍വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇളവ് അനുവദിച്ചിരിക്കുന്നത്.

ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇന്ത്യക്ക് ഇളവ്. ഇന്ത്യയും ചൈനയും ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് നിലവിലെ ഉപരോധത്തിൽ നിന്ന് ഇളവു നൽകിയതായി അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് താല്‍ക്കാലിക ഇളവ് അനുവദിക്കാന്‍ അമേരിക്ക തയാറായത്.

ഒരു വർഷത്തിനകം ഇറക്കുമതി പ്രതിമാസം 12.5 ലക്ഷം ടണ്ണിലേക്കോ 1.5 കോടി ടണ്ണിലേക്കോ കുറയ്ക്കുമെന്നാണ് ഇന്ത്യ പറഞ്ഞിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തുര്‍ക്കി, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, തായ്‍വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇളവ് അനുവദിച്ചിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം എണ്ണ ഇറാനിൽ നിന്നു വാങ്ങുന്നത് ഇന്ത്യയാണ്. 2017-18 സാമ്പത്തിക വർഷത്തിൽ 2.26 കോടി ടൺ എണ്ണയാണ് ഇന്ത്യ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തത്. ചില രാജ്യങ്ങൾ ഇറക്കുമതി കുറയ്ക്കാനായി കൂടുതൽ സമയം ചോദിച്ചിട്ടുണ്ടെന്നു പോംപെയോ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ആറുമാസത്തിനകം ഇന്ത്യ എണ്ണ ഇറക്കുമതി പൂർണമായും നിർത്തലാക്കിയില്ലെങ്കിൽ എന്തു നടപടിയെടുക്കും എന്ന ചോദ്യത്തിന് നിശബ്ദതയായിരുന്നു പോംപെയോയുടെ മറുപടി.

നേരത്തെ എണ്ണ വില ഡോളറിന് പകരം രൂപയില്‍ നല്‍കാന്‍ ഇന്ത്യയും ഇറാനും ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു. ഇതോടെയാണ് എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിച്ചത്. അതിനൊപ്പം കാലക്രമേണ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറക്കാമെന്ന് ഉറപ്പും നല്‍കി. ഇതിന് പിന്നാലെയാണ് ഇളവ് അനുവദിച്ചതായി അമേരിക്ക ഔദ്യോഗികമായി വ്യക്തമാക്കിയത്.

Similar Posts