ഹുദൈദ തുറമുഖം പിടിച്ചെടുക്കാനുള്ള പോരാട്ടം അപകടകരമായ ഘട്ടത്തിലെന്ന് യൂനിസെഫ്
|അല്‍ - തവ്‌റ ആശുപത്രിക്ക് അടുത്ത് വരെ നടക്കുന്ന ഏറ്റുമുട്ടലില്‍ 59 കുട്ടികളുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണെന്നും യൂണിസെഫ് വ്യക്തമാക്കി.
യമനിലെ ഹുദൈദ തുറമുഖം പിടിച്ചെടുക്കാനുള്ള പോരാട്ടം ഏറ്റവും അപകടകരമായ ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് യൂനിസെഫ്. അല്‍ - തവ്‌റ ആശുപത്രിക്ക് അടുത്ത് വരെ നടക്കുന്ന ഏറ്റുമുട്ടലില്‍ 59 കുട്ടികളുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണെന്നും യൂണിസെഫ് വ്യക്തമാക്കി.
യെമനിലെ ഹുദൈദ തുറമുഖം ഹൂത്തികളില്‍ നിന്നും പിടിച്ചെടുക്കാനുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. യമന്‍ സൈന്യത്തിന് സൈദി-യുഎഇ സഖ്യസേനയുടെ പിന്തുണയുണ്ട്. നിലവില്‍ പോരാട്ടം നടക്കുന്ന മേഖലയ്ക്ക് 500 മീറ്റര്‍ സമീപമാണ് അല്‍-തവ്റ ആശുപത്രി. ഇവിടെ 59 കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇതില്‍ 25 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ്. ആശുപത്രിക്ക് സമീപം നടക്കുന്ന ബോംബേറും വെടിയൊച്ചകളും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി. കൂടാതെ പോരാട്ടം രൂക്ഷമായ മേഖലയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഹൂത്തി നിയന്ത്രണത്തിലായിരുന്ന തലസ്ഥാന നഗരം സന പിടിച്ചെടുക്കാന്‍ 2014 ലാണ് പോരാട്ടം ആരംഭിച്ചത്. സൌദി-യുഎഇ സഖ്യസേനക്ക് പിന്തുണയുമായി അമേരിക്കയും ഉണ്ട്. ഓരോ പത്ത് മിനിറ്റിലും ഒരുകുട്ടി യെമനില്‍ പട്ടിണി മൂലം മരിക്കുന്നുണ്ടെന്നാണ് യുഎന്‍ കണക്ക്. നരകജീവിതം നയിക്കുന്ന യെമന്‍ ജനതക്ക് മാനുഷിക സഹായം നല്‍കണമെന്ന ആവശ്യവും ശക്തമാണ്.