യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു
|പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദ്ദം കാരണമാണ് സെഷന്‍സിന്‍റെ രാജി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നതില്‍ നിന്ന് സെഷന്‍സ് പിന്‍മാറിയതാണ് രാജി ആവശ്യപ്പെടാന്‍ കാരണം.
ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജി വെച്ചു. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദ്ദം കാരണമാണ് സെഷന്‍സിന്‍റെ രാജി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നതില്‍ നിന്ന് സെഷന്‍സ് പിന്‍മാറിയതാണ് രാജി ആവശ്യപ്പെടാന്‍ കാരണം. സെഷന്‍സിന്‍റെ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും പുതിയ അറ്റോര്‍ണി ജനറലിനെ ഉടന്‍ നിയമിക്കുമെന്നും ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപിന് തിരിച്ചടിയാകുമെന്ന വാര്‍ത്തകള്‍ കത്തി നില്‍ക്കുമ്പോഴാണ് അറ്റോര്‍ണി ജനറലിന്‍റെ രാജി. ജെഫ് സെഷന്‍സിന്‍റെ രാജി ട്രംപിന്‍റെ സമ്മര്‍ദ്ദപ്രകാരമാണെന്നുള്ളതാണ് കൂടുതല്‍ ശ്രദ്ധ നേടുന്ന വിഷയം. പ്രസിഡന്‍റിന്‍റെ ആവശ്യപ്രകാരമാണ് തന്‍റെ രാജിയെന്ന് രാജിക്കത്തില്‍ ജെഫ് സെഷന്‍സ് വ്യക്തമാക്കുന്നുണ്ട്. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ നിന്ന് പിന്മാറിയതിന്‍റെ പേരില്‍ സെഷന്‍സിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ സെഷന്‍സിനോട് ട്രംപ് രാജി ആവശ്യപ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 2017 ഫെബ്രുവരി 7നാണ് ജെപ് സെഷന്‍സ് യു.എസ് അറ്റോര്‍ണി ജനറലായി ചുമതലയേറ്റത്. പുതിയ അറ്റോര്‍ണി ജനറലിനെ തെരഞ്ഞെടുക്കുന്നതു വരെ മാത്യൂ വിറ്റക്കര്‍ ആക്ടിങ് അറ്റോര്‍ണി ജനറലായി തുടരുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.