International Old
ചോദ്യം ഇഷ്ടപ്പെട്ടില്ല; മാധ്യമ പ്രവര്‍ത്തകരുമായി കൊമ്പ് കോര്‍ത്ത് ട്രംപ്, സി.എന്‍.എന്‍ പ്രതിനിധിയുടെ പ്രസ് പാസ് റദ്ദാക്കി  
International Old

ചോദ്യം ഇഷ്ടപ്പെട്ടില്ല; മാധ്യമ പ്രവര്‍ത്തകരുമായി കൊമ്പ് കോര്‍ത്ത് ട്രംപ്, സി.എന്‍.എന്‍ പ്രതിനിധിയുടെ പ്രസ് പാസ് റദ്ദാക്കി  

Web Desk
|
8 Nov 2018 8:25 AM GMT

വൈറ്റ് ഹൗസില്‍ പത്രസമ്മേളനത്തിനിടെ തനിക്ക് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിന് മാധ്യമ പ്രവര്‍ത്തകരുമായി കൊമ്പ് കോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അഭയം തേടി അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ത്ഥി കാരവനെ കുറിച്ച് ചോദിച്ചതിനാണ് സി.എന്‍.എന്‍ പ്രതിനിധി ജിം അക്കോസ്റ്റയോട് ട്രംപ് കുപിതനായത്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നടന്ന പത്രസമ്മേളനത്തിലാണ് സംഭവം.

കാരവനെ അധിനിവേശം എന്ന് ട്രംപ് വിശേഷിപ്പിച്ചതിനെയാണ് ജിം അക്കോസ്റ്റ ചോദ്യം ചെയ്തത്. തനിക്കങ്ങനെ തോന്നിയത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്ന് ട്രംപ് മറുപടി പറഞ്ഞു. എന്നാല്‍, കാരവന്‍ അധിനിവേശമല്ലെന്നും അഭയം തേടിവരുന്ന ഏഴായിരത്തോളം സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘമാണെന്ന് ജിം അക്കോസ്റ്റ പറഞ്ഞു. ഇതോടെ ട്രംപ് കുപിതനായി. നിങ്ങള്‍ സി.എന്‍.എന്‍ നിയന്ത്രിച്ചോളൂ, എന്നെ രാജ്യം നിയന്ത്രിക്കാന്‍ അനുവദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള ജിം അക്കോസ്റ്റയുടെ ചോദ്യത്തിനും ശരിയായ മറുപടി നല്കിയില്ല. അത് വ്യാജമാണെന്നാണ് ട്രംപ് പറഞ്ഞത്.

പിന്നീട്, ജിം അക്കോസ്റ്റ പരുക്കനാണെന്ന് ആരോപിച്ച ട്രംപ് അദ്ദേഹത്തില് നിന്നും മൈക്ക് പിടിച്ച് വാങ്ങാന്‍ വൈറ്റ് ഹൗസ് പ്രതിനിധിയോട് ആവശ്യപ്പെടുകയും ചെയ്തു. സി.എന്‍.എന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും അവര്‍ ജനങ്ങളുടെ ശത്രുവാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍, ജിം അക്കോസ്റ്റയെ പ്രതിരോധിച്ച് കൊണ്ട് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.

തുടര്‍ന്ന് ജിം അക്കോസ്റ്റയുടെ പ്രസ് പാസ് വൈറ്റ് ഹൗസ് പിന്‍വലിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ച് വാങ്ങാന്‍ ശ്രമിച്ച വൈറ്റ ഹൗസ് ഇന്റേണായ യുവതിയുടെ ശരീരത്തില്‍ കൈവെച്ചുവെന്നും അവരുടെ ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് ജിം അക്കോസ്റ്റയുടെ പ്രസ് പാസ് റദ്ദാക്കിയത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ജിം അക്കോസ്റ്റക്കെതിരായ ആരോപണം.

എന്നാല്‍ സാറ സാന്‍ഡേഴ്സ് കള്ളം പറയുകയാണെന്ന് അക്കോസ്റ്റ് പറഞ്ഞു. മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ അക്കോസ്റ്റ ജീവനക്കാരിയോട് അപ്പോള്‍ തന്നെ ക്ഷമ പറയുകയും ചെയ്തിരുന്നു. സംഭവത്തെ അപലപിച്ചു കൊണ്ട് സി.എന്‍.എന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സി.എന്‍.എന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Similar Posts