ഈ അവതാരകന്‍ വിസ്മയിപ്പിക്കും ! ലോകത്തിലെ ചാനല്‍ ഭീമന്‍മാരെ ഞെട്ടിച്ച് ചൈന
|സിന്‍ഹുവയുടെ ഇംഗ്ലീഷ് വാര്‍ത്ത വായനക്കാരനായ സാങ് സാവോയെ അനുകരിച്ചാണ് ഈ ‘റോബോട്ടി’നെ സൃഷ്ടിച്ചിരിക്കുന്നത്.
കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യനെ പോലെ സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിയുന്ന സോഫിയ എന്ന റോബോട്ടിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞദിവസം പരിചയപ്പെടുത്തിയ അവതാരകനെ കുറിച്ച് അറിഞ്ഞാല്‍ ആരും വിസ്‍മയിക്കും. ന്യൂസ് റൂമുകളെ അടക്കിവാഴുന്ന അവതാരകര്‍ക്ക് ഒരു 'ഭീഷണി' കൂടിയാണ് സിന്‍ഹുവയുടെ ഈ പുതിയ അവതാരം.
കൃത്രിമബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, വാര്‍ത്ത വായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകനാണ് ഈ കക്ഷി. അഞ്ചാമത് ആഗോള ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ് ഈ കൃത്രിമബുദ്ധിക്കാരനെ സിന്‍ഹുവ ലോകത്തിന് പരിചയപ്പെടുത്തിയത്. സിന്‍ഹുവയുടെ ഇംഗ്ലീഷ് വാര്‍ത്ത വായനക്കാരനായ സാങ് സാവോയെ അനുകരിച്ചാണ് ഈ 'റോബോട്ടി'നെ സൃഷ്ടിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇവന്‍ ഒരു യന്ത്രമനുഷ്യനല്ല. പകരം 'ഡിജിറ്റല്‍ കമ്പോസിങ്' എന്ന സാങ്കേതിക വിദ്യയാണ് ഇതിന് പിന്നില്‍. സ്ക്രീന്‍ ഡിസ്‍പ്ലേക്കായി അനേകം ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരാളുടെ അന്തിമ രൂപത്തെ സൃഷ്ടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഈ ഡിജിറ്റല്‍ സംയോജനം. ഈ അന്തിമ രൂപത്തിനൊപ്പം കൃത്രിമ ബുദ്ധി കൂട്ടിയിണക്കി യഥാര്‍ഥ അവതാരകന്റെ ശബ്ദവും ചുണ്ടിന്റെ ചലനങ്ങളും മുഖത്തെ വികാരങ്ങളുമൊക്കെ സംയോജിപ്പിച്ചാണ് സിന്‍ഹുവ ഈ ഹൈടെക് അവതാരകന് ജന്മം കൊടുത്തത്.
ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ സോഗു.കോമുമായി സഹകരിച്ചാണ് സിന്‍ഹുവയുടെ ഈ വിപ്ലവ നീക്കം. യഥാര്‍ഥ അവതാരകനെ പോലെ തന്നെ വാര്‍ത്ത വായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ അവതാരകനും കഴിയുമെന്നാണ് സിന്‍ഹുവയുടെ അവകാശ വാദം. ഏതായാലും പുതിയ അവതാരകന്റെ വാര്‍ത്ത വായനയും സിന്‍ഹുവ പുറത്തുവിട്ടിട്ടുണ്ട്.