ബ്രസീലില്‍ ഉരുള്‍പൊട്ടല്‍; 10 മരണം
|അനധികൃത നിര്‍മ്മാണം മൂലം പ്രദേശത്ത് സ്ഥിരമായി മണ്ണിടിയാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചിൽ മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഉരുള്‍പൊട്ടലില്‍ 10 പേര് മരിച്ചു. കനത്ത മഴയെതുടര്‍ന്നാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റിയോ ഡി ജനീറയിലെ നിതെറോയി മുനിസിപ്പാലിറ്റിയില്‍ പ്രദേശിക സമയം പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് വയസുകാരനും, രണ്ട് മുതിര്‍ന്ന സ്ത്രീകളും, മധ്യവയസ്കനുള്പ്പെടെ പത്ത് പേരാണ് മരിച്ചത്. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഉരുള്‍പൊട്ടലില്‍ ഒമ്പത് വീടുകളും ചെറുകിട വ്യപാരങ്ങളും തകര്‍ന്നു. അഗ്നിശമന സേനാ വിഭാഗം, പൊലീസ്, ആർമി തുടങ്ങിയവരടങ്ങിയ 200 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അനധികൃത നിര്‍മ്മാണം മൂലം പ്രദേശത്ത് സ്ഥിരമായി മണ്ണിടിയാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചിൽ മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു. 2010ൽ നിതെറോയിലുണ്ടായ മണ്ണിടിച്ചിലിൽ 46 പേർ മരിക്കുകയും 50 വീടുകള്‍ തകരുകയും ചെയ്തിരുന്നു.