International Old
സ്പൈഡര്‍മാനെ സൃഷ്ടിച്ച സ്റ്റാന്‍ലീ അന്തരിച്ചു
International Old

സ്പൈഡര്‍മാനെ സൃഷ്ടിച്ച സ്റ്റാന്‍ലീ അന്തരിച്ചു

Web Desk
|
13 Nov 2018 4:43 AM GMT

സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, എക്‌സ്-മെന്‍, ഡെയര്‍ ഡെവിള്‍ തുടങ്ങി സൂപ്പര്‍ ഹീറോകളെ ലോകത്തിന് സമ്മാനിച്ച സ്റ്റാന്‍ലീ സമകാലീന കോമിക് പുസ്തകങ്ങളുടെ ശില്‍പ്പി എന്നാണ് അറിയപ്പെടുന്നത്

ലോകം കീഴടക്കിയ സൂപ്പര്‍ ഹീറോകളുടെ സ്രഷ്ടാവും അമേരിക്കന്‍ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീ അന്തരിച്ചു. ലോസ് ആഞ്ചല്‍സില്‍ വെച്ചായിരുന്നു അന്ത്യം. സ്പൈഡര്‍മാന്‍, അയന്‍ മാന്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹീറോകളെ കോമികിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് സ്റ്റാന്‍ ലീ.

ലോസ് ആഞ്ചല്‍സിലെ ആശുപത്രിയിലായിരുന്നു 95കാരനായ സ്റ്റാന്‍ ലീയുടെ അന്ത്യം. സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, എക്‌സ്-മെന്‍, ഡെയര്‍ ഡെവിള്‍ തുടങ്ങി സൂപ്പര്‍ ഹീറോകളെ ലോകത്തിന് സമ്മാനിച്ച സ്റ്റാന്‍ലീ സമകാലീന കോമിക് പുസ്തകങ്ങളുടെ ശില്‍പ്പി എന്നാണ് അറിയപ്പെടുന്നത്. 1960കളിലാണ് രണ്ട് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ലീ സൃഷ്ടിച്ച സൂപ്പര്‍ഹീറോകള്‍ വായനക്കാര്‍ക്ക് മുന്നിലെത്തുന്നത്. ഇതോടെ മാര്‍വെല്‍ കോമിക്സും പ്രശസ്തിയുടെ നെറുകയിലെത്തുകയായിരുന്നു .

1972ല്‍ മാര്‍വല്‍സിന്റെ പബ്ലിഷറും എഡിറ്റോറിയല്‍ ഡയറക്ടറുമായി. ലീയുടെ സൂപ്പര്‍ ഹീറോകളെല്ലാം പിന്നീട് ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സിനിമകളുമായി. പലതിലും മുഖം കാണിച്ചിട്ടുള്ള ലീ അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറില്‍ ബസ് ഡ്രൈവറുമായെത്തി. ദി സൂപ്പര്‍ ഹീറോ വുമണ്‍, ഹൌ ടു ഡ്രോ കോമിക്സ് തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

1922 ഡിസംബര്‍ 28നായിരുന്നു സ്റ്റാന്‍ലിയുടെ ജനനം. റുമാനിയയില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലാണ് ജനിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് യു.എസ് സേനയില്‍ ജോലി ചെയിതിട്ടുണ്ട്. യുദ്ധാനന്തരം നിരവധി സ്ഥാപനങ്ങളില്‍ ജോലി നോക്കിയ ലീ അവസാനം മാര്‍വല്‍ കോമിക്സില്‍ എത്തുകയായിരുന്നു. പരേതയായ നടി ജോന്‍ ലീയാണ് ഭാര്യ.

Similar Posts