International Old
ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ തീരുമാനം റദ്ദ് ചെയ്ത് സുപ്രീംകോടതി 
International Old

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ തീരുമാനം റദ്ദ് ചെയ്ത് സുപ്രീംകോടതി 

Web Desk
|
13 Nov 2018 3:36 PM GMT

ശ്രീലങ്കയില്‍ കുറച്ച് ദിവസമായി ഉരുണ്ടുകൂടിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ പരമോന്നത കോടതി പുറപ്പെടുവിക്കുന്ന സുപ്രധാന വിധിയാണിത് 

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് കൊണ്ടുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനത്തെ പരമോന്നത കോടതി റദ്ദ് ചെയ്തു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവെക്കാനും കോടതി ഉത്തരവിട്ടു. ശ്രീലങ്കയില്‍ കുറച്ച് ദിവസമായി ഉരുണ്ടുകൂടിയ രാഷ്ട്രീയ-ഭരണ പ്രതിസന്ധിയില്‍ പരമോന്നത കോടതി പുറപ്പെടുവിക്കുന്ന സുപ്രധാന വിധിയാണിത്. ചീഫ് ജസ്റ്റിസ് നളിന്‍ പെരേര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ വിക്രമസിംഗയുടെ പാര്‍ട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നൂറുകണക്കിന് സായുധ പൊലീസിന്റെയും കമാന്റോകളുടെയും സുരക്ഷാ വലയത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 26നാണ് ശ്രീലങ്കയെ പിടിച്ചുകുലുക്കിയ തീരുമാനം പ്രസിഡന്റ് പുറപ്പെടുവിച്ചത്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗയെ മാറ്റി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സയെ തല്‍സ്ഥാനത്ത് നിയോഗിക്കുക യായിരുന്നു. പിന്നാലെ രാജ്യത്ത് രാഷ്ട്രീയ-ഭരണ പ്രതിസന്ധി രൂക്ഷമായി. പലസ്ഥലത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന ജനുവരി അഞ്ചിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനും പദ്ധതിയുണ്ടായിരുന്നു. തുടര്‍ന്നാണ് തന്നെ പുറത്താക്കിയ പ്രസിഡന്റിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് വിക്രമസിംഗെ സുപ്രീംകോടതിയെ സമീപിച്ചത്.

വിക്രമസിംഗെയെ പുറത്താക്കിയ ഭരണഘടനാവിരുദ്ധ നടപടി സാധൂകരിക്കാനാവില്ലെന്ന് തമിഴ് ദേശീയ സഖ്യം, ടിഎൻഎ നേതാക്കൾ സിരിസേനയെ അറിയിച്ചിരുന്നു. അതേസമയം രണ്ട് കൂട്ടര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവുമെന്നായിരുന്നു അവകാശവാദം. 2015ലാണ് വിക്രമസിംഗയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. അതേസമയം സുപ്രീംകോടതിയുടെ തീരുമാനത്തോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. 225 അംഗ സഭയില്‍ 113 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

Similar Posts