യൂറോപ്യന്‍ യൂണിയന് വിടാനുള്ള കരാറിന്റെ കരടിന് ബ്രിട്ടീഷ് കാബിനറ്റിന്റെ അംഗീകാരം
|അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരട് റിപ്പോര്‍ട്ടിന് ബ്രിട്ടീഷ് കാബിനറ്റ് അനുമതി നല്‍കിയത്.
യൂറോപ്യന്‍ യൂണിയന് വിട്ട് പോകുന്നതിനുള്ള കരാറിന്റെ കരട് രൂപത്തിന് ബ്രിട്ടീഷ് കാബിനറ്റിന്റെ അംഗീകാരം. അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരട് റിപ്പോര്‍ട്ടിന് ബ്രിട്ടീഷ് കാബിനറ്റ് അനുമതി നല്‍കിയത്.
നിര്‍ണായകമായ ചുവടുവെയ്പ് എന്നാണ് കാബിനറ്റ് തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വിശേഷിപ്പിച്ചത്. കരാറിന്റെ അടുത്ത നടപടിക്രമങ്ങള്‍ വരുംദിവസങ്ങളില്‍ത്തന്നെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യതാത്പര്യത്തിന് അനുസൃതമായ തീരുമാനമാണ് കാബിനറ്റില്‍ ഉണ്ടായതെന്നും തെരേസ മേ വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയനുമായി വിവിധ മേഖലകളില്‍ സൌഹാര്‍ദപരമായ സമീപനം നിലനിര്‍ത്തുമെന്ന് കരാറിന്റെ കരട് വ്യക്തമാക്കുന്നുണ്ട്. ഊര്‍ജ്ജം, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിലും സഹകരണം തുടരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് 2019 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയന് വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് തെരേസ മേ പറഞ്ഞു. എങ്കിലും അതിന് ഇനിയുമേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ബ്രിട്ടീഷ് കാബിനറ്റ് അംഗീകരിച്ച ബ്രെക്സിറ്റ് കരാറിന്റെ കരട് അംഗീകരിക്കണം. കരാര്‍ വ്യവസ്ഥകളെ പിന്നീട് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കണം. അങ്ങനെ കടമ്പകള്‍ പലതുണ്ട് മേക്ക് മുന്നില്‍. ഇതെല്ലാം മറികടന്നാലേ 2019 മാര്‍ച്ചില്‍ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ.