International Old
കിലോഗ്രാമിന് ഇനി പുതിയ നിര്‍വചനം, അളവിലും തൂക്കത്തിലും കുറവില്ലാതെ   
International Old

കിലോഗ്രാമിന് ഇനി പുതിയ നിര്‍വചനം, അളവിലും തൂക്കത്തിലും കുറവില്ലാതെ   

Web Desk
|
18 Nov 2018 9:34 AM GMT

കിലോഗ്രാമിനൊപ്പം ആംപിയര്‍, കെല്‍വിന്‍, മോള്‍ എന്നിവയ്ക്കും പുതിയ നിര്‍വചനം നല്‍കി.

അടുത്തവര്‍ഷം മേയ് 20 മുതല്‍ കിലോഗ്രാമിന് പുതിയ നിര്‍വചനമായിരിക്കും ഉണ്ടാവുക. എന്നാല്‍, അളവിലോ തൂക്കത്തിലോ കുറവൊന്നും വരാതെയാണ് കിലോഗ്രാം പുനര്‍നിര്‍വചിക്കപ്പെടുക. അത് കൃത്യവും സൂക്ഷ്മവുമാക്കുന്നതിനാണ് വെള്ളിയാഴ്ച ഫ്രാന്‍സില്‍ ചേര്‍ന്ന അളവുതൂക്ക പൊതുയോഗം പുതിയ നിര്‍വചനത്തിന് അംഗീകാരം നല്‍കിയത്. വൈദ്യുതകാന്തിക ബലം അടിസ്ഥാനമാക്കിയാവും കിലോഗ്രാമിന്റെ പുതിയ നിര്‍വചനം.

കിലോഗ്രാമിനൊപ്പം ആംപിയര്‍, കെല്‍വിന്‍, മോള്‍ എന്നിവയ്ക്കും പുതിയ നിര്‍വചനം നല്‍കി. കിലോഗ്രാം, മറ്റ് പ്രധാന അളവ് യൂണിറ്റുകള്‍ എന്നിവ ഒരു വാലറ്റ് കാര്‍ഡിലേക്ക് കൊള്ളാവുന്ന തരത്തിലുള്ള സംഖ്യകളുടെ മൂല്യങ്ങള്‍ ഉപയോഗിച്ചാണ് കണക്കാക്കുക. 'പ്ലാങ്ക് കണ്‍സ്റ്റന്റ്' എന്നാണ് ഇത് അറിയപ്പെടുക.

പാരീസില്‍ ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സിന്റെ പക്കല്‍ വായുകടക്കാത്ത ചില്ലുകൂട്ടില്‍വെച്ചിരിക്കുന്ന പ്ലാറ്റിനം ഇറിഡിയം ദണ്ഡിന്റെ തൂക്കം അടിസ്ഥാനമാക്കിയാണ് നിലവില്‍ കിലോഗ്രാം എന്ന അളവ് നിശ്ചയിക്കുന്നത്. കിലോഗ്രാമിന്റെ അന്താരാഷ്ട്ര മൂലരൂപം അഥവാ ലെ ഗ്രാന്‍ഡ് കെ എന്നാണ് ഈ ദണ്ഡ് അറിയപ്പെടുന്നത്. 1889 മുതലാണ് ഈ രീതി അവലംബിച്ചത്. അന്നു രൂപംകൊടുത്ത ലെ ഗ്രാന്‍ഡ് കെയ്ക്ക് കാലത്തിന്റെ പോക്കില്‍ തേയ്മാനമുണ്ടാകാമെന്നും അതിനാല്‍ ഇതിനെ കിലോഗ്രാമിന്റെ സ്ഥിരമാതൃകയാക്കുന്നതിന് പരിമിതിയുണ്ടെന്നും വാദമുയര്‍ന്നു. ഇതു കണക്കിലെടുത്താണ് പുതിയരീതി അവലംബിക്കാന്‍ നിശ്ചയിച്ചത്.

കിബിള്‍ ബാലന്‍സ് അഥവാ വാട്ട് ബാലന്‍സാവും ഇനി കിലോഗ്രാമിന്റെ അടിസ്ഥാനമാതൃക. വൈദ്യുതകാന്തികശക്തി ഉപയോഗിക്കുമ്പോള്‍ ഭാരസന്തുലനം നേടാന്‍ എത്ര ഊര്‍ജം ഉപയോഗിക്കുന്നു എന്നതാണ് കിബിള്‍ ബാലന്‍സ് അളക്കുന്നത്. ഭൗതികശാസ്ത്രത്തില്‍ വളരെ കൃത്യമായി അളന്നുതിട്ടപ്പെടുത്താവുന്ന പ്ലാങ്ക്‌സ് കോണ്‍സ്റ്റന്റ് അഥവാ പ്ലാങ്ക്‌സ് സ്ഥിരാങ്കം എന്ന അളവാണ് ഇവിടെ ഉപയോഗിക്കുക. ഒരു വസ്തുവിന്റെ പ്ലാങ്ക്‌സ് കോണ്‍സ്റ്റന്റ് ആണ് ഇതുവഴി മനസ്സിലാക്കുന്നത്. ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം അനുസരിച്ച് ഈ പ്ലാങ്ക്‌സ് കോണ്‍സ്റ്റന്റിന് എത്ര പിണ്ഡമുണ്ടെന്ന് ഇതുവഴി മനസ്സിലാക്കാന്‍ പറ്റും. തന്‍മാത്രകളെ അളന്നുതൂക്കിയുള്ള മരുന്നുനിര്‍മാണമേഖലയില്‍ പുതിയ തീരുമാനം നിര്‍ണായകസ്വാധീനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

2012ലാണ് അളവുകളെല്ലാം പുനഃക്രമീകരിക്കണമെന്ന് ശാസ്ത്രലോകത്തുനിന്ന് ആവശ്യമുയര്‍ന്നത്. പല ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ 2016ല്‍ ഇക്കാര്യത്തില്‍ ഏകദേശധാരണയിലെത്തി. നിത്യജീവിതത്തില്‍ സാധാരണക്കാരെ സംബന്ധിച്ച് പുതിയ നിര്‍വചനംകൊണ്ട് മാറ്റങ്ങളൊന്നും വരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭാരം അളക്കാന്‍ ഇന്നുപയോഗിക്കുന്ന ഇരുമ്പിന്റെയും മറ്റും കട്ടികള്‍ തന്നെയാവും ഭാവിയിലും ഉപയോഗിക്കുക. അമ്പതിലേറെ രാജ്യങ്ങള്‍ പങ്കെടുത്ത സമ്മേളനം ഏകകണ്ഠമായാണ് മാറ്റം അംഗീകരിച്ചത്.

Similar Posts