ഇസ്രായേലില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം
|ഏറ്റവും വലിയ പാര്‍ട്ടിയാണങ്കില്‍ കൂടിയും മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ലികുഡ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാന്‍ കഴിയില്ല.
ഇസ്രായേലില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടി വന്നാല്‍ അത് ഇസ്രായേലിന് ആപത്തായിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഗസ്സയുമായി വെടിനിര്‍ത്തലിന് തീരുമാനിച്ചതിനെ തുടര്‍ന്ന് ഇസ്രായേലിലെ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലീബെര്‍മാന്‍ രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേലില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. ലീബര്‍മാനും അദ്ദേഹത്തിന്റെ ഇസ്രായേല്‍ ബെതേനു പാര്‍ട്ടിയും സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ലീബര്‍മാന് പകരം തന്നെ പ്രതിരോധ മന്ത്രിയായി നിയമിക്കണമെന്ന ആവശ്യവുമായി മറ്റൊരു സഖ്യകക്ഷിയായ ഹബായിത് പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ് രംഗത്തെത്തി.
സഖ്യത്തിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് ഹബായിത്. ബെന്നറ്റും പാര്‍ട്ടിയും സഖ്യത്തില്‍ നിന്ന് പിന്മാറിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനുള്ള ഭൂരിപക്ഷം നഷ്ടമാകും. സഖ്യത്തിലെ മറ്റൊരു പ്രധാന പാര്‍ട്ടിയാണ് ധനമന്ത്രി മോഷെ കഹ്‌ലോന്റെ കുലാനു പാര്‍ട്ടി. ഈ സഖ്യം അധികം നാള്‍ തുടര്‍ന്ന് പോകുമെന്ന് കരുതുന്നില്ലെന്ന് കഹ്‌ലോനും വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരം 2019 നവംബറിലാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എതിര്‍ക്കുന്നു. നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് ഇസ്രായേലിന് ആപത്തായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. 2015ലാണ് നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇസ്രായേല്‍ നിയമം അനുസരിച്ച് ഒരുപാര്‍ട്ടി ഒറ്റക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഖ്യസര്‍ക്കാരുകളാണ് അധികാരത്തിലത്തുക.
നിലവില്‍ ബെഞ്ചമിന്‍ നെതന്യാഹു എല്ലാവര്‍ക്കും സ്വീകാര്യനാണ്. അദ്ദേഹത്തിന്റെ ലികുഡ് പാര്‍ട്ടിക്കും ജനപിന്തുണയുണ്ട്. ഏറ്റവും വലിയ പാര്‍ട്ടിയാണങ്കില്‍ കൂടിയും മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ലികുഡ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാന്‍ കഴിയില്ല. അത് മാത്രമല്ല നാല് തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചയാളാണ് നെതന്യാഹു. 2019 മെയ് വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നാല്‍ ഏറ്റവും അധികം കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രി പദം വഹിച്ചയാളെന്ന റെക്കോര്‍ഡ് നെതന്യാഹുവിന് സ്വന്തമാക്കാം. ഇസ്രായേലിന്റെ രാഷ്ട്രപിതാവായ ഡേവിഡ് ബെന്‍ ഗുറിയോണിന്റെ റെക്കോര്‍ഡ് മറികടക്കാം. ഇക്കാരണങ്ങള്‍ കൊണ്ടാണ് നെതന്യാഹു തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനെ ഭയക്കുന്നതും.