International Old
കശോഗി വധത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ട്രംപ്
International Old

കശോഗി വധത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ട്രംപ്

Web Desk
|
19 Nov 2018 2:38 AM GMT

സി.ഐ.എ കണ്ടെത്തലുകള്‍ പൂര്‍ണമല്ല എന്നും സമഗ്രമായ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്നും ട്രംപ് വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ കശോഗിയുടെ കൊലപാതകത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സി.ഐ.എയുടേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അപൂര്‍ണമാണെന്നും ട്രപ് വിശദീകരിച്ചു.

വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാല്‍ കശോഗി കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. കശോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച സൗദി അറേബ്യ, കൊലയില്‍ പങ്കുള്ള അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചതായു വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ കശോഗിയുടെ കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിന് നേരിട്ടു പങ്കുണ്ടെന്ന തരത്തില്‍ സി.ഐ.എയുടേതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍, ഇത് പൂര്‍ണമായി തള്ളാനോ കൊള്ളാനോ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറായില്ല. സി.ഐ.എ കണ്ടെത്തലുകള്‍ പൂര്‍ണമല്ല എന്നും സമഗ്രമായ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്നും ട്രംപ് വ്യക്തമാക്കി. കൊലയിലേക്ക് നയിച്ച കാരണങ്ങളെന്തെന്നും ആരാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നും അതില്‍ വ്യക്തമാവുമെന്നും ട്രംപ് ചോദ്യത്തിനുത്തരമായി കൂട്ടിച്ചേര്‍ത്തു.

സൗദിയുമായി അടുത്ത നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്ന അമേരിക്കക്ക് സി.ഐ.എയുടേതായി പുറത്തുവന്ന റിപ്പോര്‍ട്ട് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതില് നിന്ന് പുറത്തുകടക്കാനുള്ള വഴി തേടലാകുമോ അതോ ബന്ധം കൂടുതല്‍ വഷളാക്കുന്നതാകുമോ ചൊവ്വാഴ്ച അമേരിക്ക് പുറത്തുവിടാനിരിക്കുന്ന റിപ്പോര്‍ട്ട് എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Similar Posts