ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നു
|രാജ്യത്തെ ഇന്ധന സംഭരണ ശാലകള്‍ക്കു മുന്നിലാണ് ഇന്നലെ പ്രതിഷേധം നടന്നത്.
ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നു. രാജ്യത്തെ ഇന്ധന സംഭരണ ശാലകള്‍ക്കു മുന്നിലാണ് ഇന്നലെ പ്രതിഷേധം നടന്നത്. ഇന്ധന നികുതി കൂട്ടിയതിനെതിരെ ശനിയാഴ്ചയാണ് രാജ്യത്തിന്റെ വിവിധയിടങ്ങലില്‍ പ്രതിഷേധം തുടങ്ങിയത്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ഇന്ധന സംഭരണശാലകള്‍ ഉപരോധിച്ചായിരുന്നു ഇന്നലത്തെ സമരം.
സര്‍ക്കാര്‍ ഇന്ധന വില കുറക്കുന്നതു വരെ സമരം തുടരുമെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. അതിനിടെ ഇന്ധന നികുതി കൂട്ടാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പീ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്ത് ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം തുടങ്ങിയത്.
പ്രക്ഷോഭം തുടങ്ങിയ ദിവസം മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. സമരം സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് 160 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ 400 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. താഴ്ന്ന വരുമാനക്കാരായ മോട്ടോര്‍ വാഹന ഉടമകള്‍ക്കായി നേരത്തെ സര്‍ക്കാര്‍ 500 മില്യണ്‍ യൂറോയുടെ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ സമരവുമായി മുന്നോട്ടു പോകുകയായിരുന്നു.