International Old
ചെെനയുമായുണ്ടാക്കിയ കരാര്‍ ഏകപക്ഷീയം; ബന്ധം തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടെന്ന് മാലദ്വീപ്
International Old

ചെെനയുമായുണ്ടാക്കിയ കരാര്‍ ഏകപക്ഷീയം; ബന്ധം തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടെന്ന് മാലദ്വീപ്

Web Desk
|
20 Nov 2018 1:41 PM GMT

ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാനാണ് സാലിഹ് ഭരണകൂടം താൽപ്പര്യപ്പെടുന്നത്. സാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടായിരുന്നു.

ചെെനയുമായുള്ള വ്യാപര കരാർ ഏകപക്ഷീയമാണെന്ന ആരോപണവുമായി മാലദ്വീപ്. സ്വതന്ത്ര വ്യാപാര കരാറിലെ ചട്ടങ്ങൾ പലതും യോജിക്കാനാവാത്തതാണെന്നും, കരാർ പാർലമെന്റ് അംഗീകരിക്കാന്‍ പോകുന്നില്ലെന്നും മുൻ പ്രസിഡന്റും, നിലവിലെ തെരഞ്ഞെടുക്കപ്പെട്ട സാലിഹ് ഗവൺമെന്റിലെ സഖ്യക്ഷിയുമായ മുഹമ്മദ് നഷീദ് പറഞ്ഞു. മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം മുഹമ്മദ് സാലിഹ് അധികാരമേറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് നഷീദിന്റെ പ്രസ്താവന.

എന്നാൽ നഷീദിന്റെ വാക്കുകളോട് ചെെന പ്രതികരിച്ചിട്ടില്ല. മുൻ
ഗവൺമെന്റ് ചെെനയുമായി സ്ഥാപിച്ചെടുത്ത ബന്ധം രാജ്യത്തെ കടബാധ്യതയിൽ കൊണ്ടെത്തിച്ചെന്നും നേരത്തെ നഷീദ് ആരോപിച്ചിരുന്നു. ചെെനയും, ചെെനീസ് കമ്പനികളും നൂറു ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാലദ്വീപിൽ നടത്തിയിരുന്നത്.

ചെെനയുമായോട് കൂറു പുലർത്തിയിരുന്ന അബ്ദുല്ല യമീൻ പ്രസിഡന്റായിരുന്ന കാലത്ത്, ഡിസംബറിലാണ് ചെെനയുമായി വ്യാപാര കരാർ ഉണ്ടാക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുള്ള യമീൻ സർക്കാറിനെ പരാജയപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവായ സാലിഹ് അധികാരത്തിലെത്തുന്നത്. 2013ല്‍ യമീന്‍ പ്രസിഡണ്ടായി അധികാരമേറ്റപ്പോള്‍ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കളെ ജയിലിലടച്ചതോടെയാണ് സാലിഹ് നേതൃരംഗത്തേക്ക് വന്നത്.

ചെെനയുമായി മാലദ്വീപ് അകലുന്നതിന്റെ സൂചനയാണ് നഷീദിന്റെ പുതിയ പ്രസ്താവന. ചെെനീസ് കമ്പനികൾ രാജ്യത്തെ ഓരോ ദ്വീപും അൻപതും നൂറും വർഷങ്ങൾക്കാണ് ലീസിനെടുത്തിരിക്കുന്നത്. ഇതിലെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇരു കക്ഷികളും പരസ്യപ്പെടുത്തിയിരുന്നില്ലെന്നും നഷീദ് ആരോപിച്ചു.

ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാനാണ് സാലിഹ് ഭരണകൂടം താൽപ്പര്യപ്പെടുന്നത്. സാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടായിരുന്നു. ഇതിനു പുറമേ, അടുത്ത മാസം തുടങ്ങാനിരിക്കുന്ന സാലിഹിന്റെ ആദ്യ രാഷ്ട്ര സന്ദർശനം ഇന്ത്യയിലേക്കാണ്.

Similar Posts