ഷിക്കാഗോയില്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ തോക്കുധാരി നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി
|യു.എസില്‍ ഷിക്കാഗോയിലെ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ തോക്കുധാരി നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും. അക്രമി പിന്നീട് വെടിയേറ്റ് മരിച്ചതായി പൊലീസ് അറിയിച്ചു.
ഷിക്കാഗോയിലെ മേഴ്സി ആശുപത്രിയിലാണ് ആക്രമണം നടന്നത്. ആശുപത്രിയിലേക്ക് തോക്കുമായി എത്തിയ അക്രമി വനിത ഡോക്ടറെ വെടിവെച്ച ശേഷം സമീപമുള്ളവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം നടന്നത്. വനിത ഡോക്ടറും, ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റഡും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 32 വയസായ ജ്വാന്ഡ ലോപ്പസ് ആണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തിന് ശേഷം അക്രമി വെടിയേറ്റ് മരിച്ചതായാണ് റിപ്പോര്‍ട്ട്.
അക്രമി വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന ആളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നുത്. യുവതിയുമായി ആദ്യം അക്രമി വാക്കുതര്‍ക്കം നടത്തുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു. ആറ് തവണ ഇവര്‍ക്ക് നേരെ നിറയൊഴിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ശേഷം ആശുപത്രിക്ക് ആകത്തേക്ക് കയറി മറ്റുള്ളവര്‍ക്ക് നേരെയും നിറയൊഴിക്കുകയായിരുന്നു. അതേസമയം അക്രമി സ്വയം വെടിവെച്ച് മരിച്ചതാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.