ആസിയ ബീബിക്ക് പൌരത്വം നല്‍കണമെന്ന് ജര്‍മനിയോട് ആവശ്യപ്പെട്ടതായി ബീബിയുടെ അഭിഭാഷകന്‍
|മതനിന്ദാ കുറ്റം ചുമത്തി 2009ലാണ് ആസിയ ബീബിയെ കോടതി വധശിക്ഷക്ക് വിധിച്ച് ജയിലിലടച്ചത്. എന്നാല്‍ കഴിഞ്ഞ മാസം ഇവരെ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കുകയായിരുന്നു.
പാക്കിസ്ഥാനില്‍ ജയില്‍ മോചിതയായ ആസിയ ബീബിക്ക് പൌരത്വം നല്‍കണമെന്ന് ജര്‍മനിയോട് ആവശ്യപ്പെട്ടതായി ബീബിയുടെ അഭിഭാഷകന്‍. പാക്കിസ്ഥാനില്‍ സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജ്യം വിടാനുള്ള ശ്രമം. ബീബിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിക്കെതിരെ കടുത്ത പ്രതിഷേധമാണ് തീവ്ര ഇസ്‍ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്നത്.
ആസിയബീബിക്കും കുടുംബത്തിനും പൌരത്വം അനുവദിക്കണമെന്നാണ് ജര്‍മനിയോട് ആവശ്യപ്പെട്ടതെന്ന് ബീബിയുടെ അഭിഭാഷകന്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ തന്നെ താമസിക്കാനാണ് ബീബിയുടെ ആഗ്രഹം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യം വിടുന്നതില്‍ ബീബിക്ക് എതിര്‍പ്പില്ലെന്നും അഭിഭാഷകന്‍ സെയ്ഫുല്‍ മുലൂക്ക് പറഞ്ഞു.
എന്നാല്‍ ആവശ്യത്തോട് ജര്‍മനി ഇതു വരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ബീബിക്ക് പാസ്പോര്‍ട്ടും അനുവദിക്കേണ്ടതുണ്ട്. ജര്‍മനി അനുകൂല നിലപാടെടുത്താല്‍ രാജ്യം വിടാന്‍ തയ്യാറാണെന്ന് ബീബിയുടെ ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും കുട്ടികളും ഇതിന് തയ്യാറല്ലെന്നാണ് സൂചനകള്‍.
അതേസമയം ബീബിയുടെ വധശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്. ഇവരില്‍ നിന്ന് ബീബിക്ക് ഭീഷണി കൂടിയുള്ള പശ്ചാത്തലത്തിലാണ് രാജ്യം വിടാനുള്ള ആലോചന. മതനിന്ദാ കുറ്റം ചുമത്തി 2009ലാണ് ആസിയ ബീബിയെ കോടതി വധശിക്ഷക്ക് വിധിച്ച് ജയിലിലടച്ചത്. എന്നാല്‍ കഴിഞ്ഞ മാസം ഇവരെ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കുകയായിരുന്നു.