ഭീകരവാദത്തിനെതിരെ അലസമായ നടപടി; പാകിസ്ഥാനുള്ള സാമ്പത്തിക സഹായം ട്രംപ് റദ്ദാക്കി
|അമേരിക്കയില് നിന്നും പണം വാങ്ങിയിട്ട്, പാകിസ്ഥാന് അതിനു വേണ്ട പണിയെടുക്കുന്നല്ലെന്നും ട്രംപ് പറഞ്ഞു.
ഭീകരവാദത്തിനെതിരെ ഒന്നും ചെയ്യാത്തിടത്തോളം കാലം പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നത് തുടരാനാവില്ലെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭീകരവാദികൾക്ക് സുരക്ഷിത താവളമൊരുക്കി കൊടുക്കുന്ന പാകിസ്ഥാൻ, ഭീകരവാദത്തിനെതിരെ അലസമായാണ് നടപടികൾ കെെകൊള്ളുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്ക നൽകുന്ന സാമ്പത്തിക സഹായത്തിന് പകരമായി പാകിസ്ഥാൻ തിരിച്ചൊന്നും തങ്ങൾക്ക് നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തിയതിന് ദിവസങ്ങൾക്കകമാണ് പാകിസ്ഥനെതിരെ വീണ്ടും ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
ഭീകരവാദത്തിനെതെരായ പോരാട്ടം ശക്തമാക്കുന്നതിനായി 1.3 ബില്യൺ ഡോളറാണ് അമേരിക്ക പാകിസ്ഥാന് നൽകി വന്നിരുന്നത്. എന്നാൽ പാകിസ്ഥാൻ പണം വാങ്ങിയിട്ട്, അതിനു വേണ്ട പണിയെടുക്കുന്നല്ലെന്ന് പറഞ്ഞ ട്രംപ്, സാമ്പത്തിക സഹായം തുടരാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. നേരത്തെ, പാകിസ്ഥാനുമായുള്ള എല്ലാ വിധ സുരക്ഷാ സഹകരണങ്ങളിൽ നിന്നും പിന്മാറുന്നതായി ഈ വർഷമാദ്യം ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഉസാമ ബിൻ ലാദൻ സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലമാണ് പാകിസ്ഥാൻ. അമേരിക്കയുടെ ധനസഹായം വാങ്ങികൊണ്ടിരിക്കേ തന്നെ ബിൻ ലാദനെ കണ്ടെത്തുന്നതിലോ, പിടികൂടുന്നതിലോ പാകിസ്ഥാൻ പരാജയപ്പെടുകയാണ് ഉണ്ടായതെന്ന് എല്ലാവർക്കും വ്യക്തമായ കാര്യമാണെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാനുമായി നല്ല ബന്ധം തുടരാനാണ് അമേരിക്ക തുടർന്നും ആഗ്രഹിക്കുന്നത്. എന്നാൽ അതിന് പാകിസ്ഥാൻ കൂടി തയ്യാറാകേണ്ടതുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഹഖാനി, താലിബാൻ പോലുള്ള ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ വേണ്ട വിധത്തിലുള്ള നടപടികൾ സ്വകരിക്കാത്തതിന് പാകിസ്ഥാന് നൽകിക്കൊണ്ടിരുന്ന 300 മില്ല്യൺ ഡോളറിന്റെ സെെനിക സഹായവും സെപ്തംബറിൽ അമേരിക്ക പിൻവലിക്കുകയുണ്ടായിരുന്നു.