ചാരക്കേസില്‍ ബ്രിട്ടീഷ് വിദ്യാര്‍ഥിക്ക് യു.എ.ഇയില്‍ ജീവപര്യന്തം തടവ് ശിക്ഷ
|അതീവ സുരക്ഷാരേഖകള്‍ ചോര്‍ത്തിയെന്ന് കുറ്റം
ചാരക്കേസില്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിക്ക് യു.എ.ഇയില്‍ ജീവപര്യന്തം തടവ് ശിക്ഷ. അബൂദബി ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്. ഈ വര്‍ഷം മെയിലാണ് വിദ്യാര്‍ത്ഥിയെ യു.എ.ഇ സുരക്ഷാ സേന പിടികൂടിയത്.
തന്ത്രപരവും അതീവ സുരക്ഷിതവുമായ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിനാണ് 31 കാരനായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ മാത്യു ഹെഡ്ജിനെ കോടതി ശിക്ഷിച്ചത്. ബുധനാഴ്ചയാണ് കേസില്‍ വാദം പൂര്‍ത്തിയായി ശിക്ഷ വിധിച്ചത്. ഈ വര്‍ഷം മെയ് 5 ന് ദുബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഹെഡ്ജസിനെ സുരക്ഷാ സേന കസ്റ്റഡിയില്‍ എടുക്കുന്നത്.
ഇംഗ്ലണ്ടിലെ ദുരാം യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെന്ന പേരില്‍ രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് ഇയാള്‍ രാജ്യത്ത് എത്തിയിരുന്നത്. 2011 ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുള്ള യു.എ.ഇയുടെ വിദേശ-ആഭ്യന്തര നയങ്ങളിലുണ്ടായ മാറ്റം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കസ്റ്റഡിയിലെടുത്ത് അഞ്ച് മാസത്തിന് ശേഷമാണ് ഹെഡ്ജിനെതിരെ ഔദ്യോഗികകമായി കുറ്റം ചുമത്തിയത്.
വിധി പറയുമ്പോള്‍ മാത്യു ഹെഡ്ജിനെ ഭാര്യ ഡാനിയേല തേജദയും കോടതിയില്‍ ഹാജരായിരുന്നു. ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും എന്താണ് ചെയ്യേണ്ടത് അറിയില്ലെന്നും ഡാനിയേല പറഞ്ഞു. ഏറെ നിരാശയുളവാക്കുന്ന വാര്‍ത്തയാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രതികരിച്ചു. വിഷയത്തില്‍ ഉന്നത തല ചര്‍ച്ച നടത്തുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു.