International Old
പാകിസ്താനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി അമേരിക്ക
International Old

പാകിസ്താനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി അമേരിക്ക

Web Desk
|
22 Nov 2018 2:46 AM GMT

ഭീകരവാദത്തെ പിന്തുണക്കുന്നിടത്തോളം പാകിസ്താനെ സഹായിക്കാനാവില്ലെന്ന് ഡോണാള്‍ഡ് ട്രംപ്

ഭീകര വാദത്തെ പിന്തുണക്കുന്നിടത്തോളം പാകിസ്ഥാനെ സഹായിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പാകിസ്ഥാന് നല്‍കിവരുന്ന സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി.

പാകിസ്ഥാന് നല്‍കിവരുന്ന സാമ്പത്തിക സഹായം റദ്ദാക്കിയതായി അമേരിക്കന് പ്രതിരോധ വകുപ്പ് വക്താവ് കേണല് റോബ് മാനിങ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ പോരാടാന്‍ അമേരിക്ക 1.3 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാകിസ്ഥാന് നല്‍കിയിരുന്നത്. ഭീകരവാദത്തെ എതിര്‍ക്കുന്നതിന് പാകിസ്ഥാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അമേരിക്കയുടെ ആരോപണം.

2011 ൽ അല്‍ഖയ്ദ നേതാവ് ഒസാമ ബിൻ ലാദനെ യുഎസ് വകവരുത്തുന്നതിനു മുൻപുതന്നെ ലാദന്റെ ഒളിയിടത്തെപ്പറ്റി പാക്ക് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നു. കോടിക്കണക്കിനു ഡോളർ നൽകിയിട്ടും അവർ ലാദനെപ്പറ്റി ഒരു വിവരവും പങ്കുവെച്ചില്ലെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ നീക്കം. അയല്‍ രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചു വരുന്നതെന്നും കുറ്റപ്പെടുത്തി. പാകിസ്താനുമായുള്ള കടുത്ത അതൃപ്തിയുടെ ഭാഗമായാണ് സാമ്പത്തിക സഹായം റദ്ദാക്കുന്ന അമേരിക്കയുടെ നടപടിയെന്നാണ് സൂചന. തിരികെ യാതൊന്നും നൽകാതെ യുഎസിന്റെ സഹായം മാത്രം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണു പാക്കിസ്ഥാന്‍ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

പാക്കിസ്ഥാനുള്ള എല്ലാ സഹായവും അവസാനിപ്പിക്കുകയാണെന്ന സൂചനയും ട്രംപ് ട്വീറ്റിൽ നൽകിയിരുന്നു. പാകിസ്താനെതിരെയുളള നടപടികള്‍ കടുപ്പിച്ച്‌ ജനുവരി മുതലാണ് സൈനിക സഹായം നിര്‍ത്താന്‍ അമേരിക്ക നീക്കം ആരംഭിച്ചത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ 300 മില്ല്യണ്‍ ഡോളറിന്റെ സൈനിക സഹായവും സെപ്തംബറില്‍ അമേരിക്ക പിന്‍വലിച്ചിരുന്നു.

Similar Posts