തെരേസ മേയുടെ ബ്രെക്സിറ്റ് കരട് ഉടമ്പടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്
|എന്നാല്‍ യൂറോപ്പ്യന്‍ യൂണിയന് അംഗീകാരത്തിന് ശേഷം ബ്രിട്ടണ് പാര്‍ലമെന്റിന്റെ അംഗീകാരമാകും തെരേസ മെയ്ക്ക് മുമ്പിലുള്ള വലിയ കടമ്പ.
തെരേസ മേ മുന്നോട്ട് വെച്ച ബ്രെക്സിറ്റ് കരട് ഉടമ്പടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്. ഇന്നലെയാണ് കരട് ഉടമ്പടിയും രാഷ്ട്രീയ പ്രമേയവും യൂറോപ്യന്‍ യൂണിയന് അംഗീകരിച്ചത്. ഞായറാഴ്ച നടക്കുന്ന യോഗത്തില്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങള്‍ ഈ കരാര്‍ അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഈ രണ്ട് കരട് കരാറുകളേയും നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ബ്രെക്സിറ്റ് നടപ്പാക്കിയാലും യൂറോപ്പ്യന്‍ യൂണിയനും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ കരട് രാഷ്ട്രീയ പ്രമേയമാണ് ബ്രിട്ടണും യൂറോപ്പ്യന്‍ യൂണിയനും അംഗീകരിച്ചിരിക്കുന്നത്. ബ്രെക്സിറ്റ്ന് ശേഷം വാണിജ്യം, സുരക്ഷ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ എങ്ങനെയാവണം എന്നതിന്റെ കരട് രൂപത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കൂടാതെ ക്രിമിനല്‍ നീതിന്യായം, വിദേശ നയം, പ്രതിരോധം തുടങ്ങിയ കാര്യങ്ങളും കരട് രാഷ്ട്രീയ പ്രമേയത്തില്‍ വിശദീകരിക്കുന്നുണ്ട്. ബ്രെക്സിറ്റ് കരാര്‍ കഴിഞ്ഞ ആഴ്ച്ച യൂറോപ്പ്യന്‍ യൂണിയനും ബ്രിട്ടണും അംഗീകരിച്ചിരുന്നു. ബ്രിട്ടണ് ജനത മികച്ച ബ്രെക്സിറ്റ് ആഗ്രഹിക്കുന്നവരാണെന്ന് കരട് അംഗീകാരത്തിന് ശേഷം മെയ് പറഞ്ഞു.
ഞായറാഴ്ച്ച ചേരുന്ന യൂറോപ്പ്യന്‍ യൂണിയന് യോഗം ബ്രെക്സിറ്റ് കരാറിനും, ബ്രെക്സിറ്റിന് ശേഷമുള്ള യൂറോപ്പ്യന്‍ യൂണിയന് ബ്രിട്ടണ് ബന്ധത്തിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിനും അന്തിമ അംഗീകാരം നല്‍കിയേക്കും. എന്നാല്‍ യൂറോപ്പ്യന്‍ യൂണിയന് അംഗീകാരത്തിന് ശേഷം ബ്രിട്ടണ് പാര്‍ലമെന്റിന്റെ അംഗീകാരമാകും തെരേസ മെയ്ക്ക് മുമ്പിലുള്ള വലിയ കടമ്പ. പ്രധാന പ്രതിപക്ഷമായ ബ്രിട്ടണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് നിശിതമായി വിമര്‍ശിച്ചു.
അതേ സമയം വിടുതല്‍ കരാറില്‍ യൂറോപ്പ്യന്‍ യൂണിയന് നേത്യത്വത്തിനും പൂര്‍ണ തൃപ്തിയില്ല. ബ്രിട്ടീഷ് അധീനതയിലുള്ള സ്പെയിന്റെ ദക്ഷിണ തീരപ്രദേശ ജിബ്രാള്ട്ടര്ന്റെ ഭാവിയില്‍ സ്പെയിന് അതൃപ്തി അറിയിച്ചു. 30000ത്തോളം ആളുകളാണ് ജിബ്രാള്‍ട്ടറില്‍ ഉള്ളത്. ആംഗ്ലോ- സെപയിന് ബന്ധത്തിന്റെ നിര്‍ണായക ഘടകം കൂടിയാണ് ജിബ്രാള്‍ട്ടര്‍. ജിബ്രാള്‍ട്ടര്‍ ബ്രിട്ടണ് അധീനതയില്‍ തന്നെയായിരിക്കും എന്നാണ് തെരേസ മെയ് അറിയിച്ചത്. കാര്യങ്ങളെല്ലാം ശരിയായി നടന്നാല്‍ മുമ്പ് തീരുമാനിച്ച പ്രകാരം 2019 മാര്‍ച്ച് 29 ന് ബ്രിട്ടണ് യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോരും.