ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മികള്‍ തുറന്നപ്പോള്‍ കണ്ടത്...
|ദക്ഷിണ ഈജിപ്തിലെ ലക്സർ പട്ടണത്തിൽനിന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് മമ്മികള്‍ കണ്ടെത്തിയത്.
ഈജിപ്തില്‍ കണ്ടെത്തിയ 3000 വര്‍ഷം പഴക്കമുള്ള മമ്മികള്‍ തുറന്നു. ഇന്നലെ തുറന്ന മമ്മിയില്‍ മികച്ച രീതിയില്‍ സംരക്ഷിച്ച സ്ത്രീയുടെ മൃതദേഹമാണുണ്ടായിരുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷക സംഘം ഈ മാസം ആദ്യമാണ് രണ്ട് മമ്മികള്‍ കണ്ടെത്തിയത്.
ദക്ഷിണ ഈജിപ്തിലെ ലക്സർ പട്ടണത്തിൽനിന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് മമ്മികള്‍ കണ്ടെത്തിയത്. ശനിയാഴ്ച ഇത് തുറന്ന് പരിശോധിച്ച ഗവേഷകര്‍ മികച്ച രീതിയില്‍ സംരക്ഷിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 'തുയ' എന്ന് പേരിട്ടിരിക്കുന്ന മമ്മി ബി.സി പതിമൂന്നാം നൂറ്റാണ്ടിലേതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ കൂടെ കണ്ടെത്തിയ മമ്മി നേരത്തെ ഗവേഷകര്‍ തുറന്ന് പരിശോധിച്ചിരുന്നു. ഫറവോമാരുടെ കാലഘട്ടത്തിലെ മമ്മികളെന്ന നിലയിൽ വിലപ്പെട്ട ചരിത്ര വസ്തുതകൾ മമ്മിയുടെ പഠനത്തിലൂടെ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്.
ഫറവോമാരുടെ കാലത്തെ ഉയർന്ന ഉദ്യോഗസ്ഥരുടെയും കൊട്ടാരം പ്രമുഖരുടെയും ശവകുടീരങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്നു തന്നെയാണ് പുതിയ മമ്മിയും കണ്ടെത്തിയത്. അഞ്ചു മാസംനീണ്ട ഗവേഷണത്തിനൊടുവില്‍ 300 മീറ്ററോളം മണ്ണ് നീക്കം ചെയ്താണ് മമ്മികള്‍ പുറത്തെടുത്തത്. ചിത്രപ്പണികളോടുകൂടിയ കല്ലുപെട്ടിയുടെ അകത്ത് കൊത്തുപണി ചെയ്ത ശിൽപങ്ങളും രൂപങ്ങളുമുണ്ട്. മൃതദേഹങ്ങൾ പ്രത്യേക രീതിൽ സംരക്ഷിച്ചിരിക്കുന്ന നിരവധി മമ്മികൾ മുമ്പും ഈജിപ്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.