International Old
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഖാലിദാ സിയക്ക് കോടതിയുടെ വിലക്ക്
International Old

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഖാലിദാ സിയക്ക് കോടതിയുടെ വിലക്ക്

Web Desk
|
28 Nov 2018 12:34 PM GMT

രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയക്ക് കോടതിയുടെ വിലക്ക്. അഴിമതിക്കേസിൽ കീഴ്കോടതി പത്തു വർഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

ഡിസംബർ 30ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് ഖാലിദ സിയക്ക് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(BNP) നൽകിയ അപ്പീലാണ് സുപ്രീകോടതി തള്ളിയത്. വിധിയെതുടര്‍ന്ന് പ്രതിഷേധവുമായി ബി.എൻ.പി പാർട്ടി രംഗത്തെത്തി. സർക്കാറിന്റ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് കോടതി പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച പാർട്ടി സെക്രട്ടറി മിർസാ ‌ഫഖ്റുൽ ഇസ്‍‍‍‍‍‍‍‍‍ലാം, വിധി അംഗീകരിക്കാനാവില്ലെന്നും അറിയിച്ചു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 5000ത്തിൽപരം പ്രതിപക്ഷ പാർട്ടിക്കാരെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തടവിലിട്ടിരിക്കുകയാണെന്ന് ബി.എൻ.പി ആരോപിച്ചു. 1990 മുതൽ ഷെയ്ഖ് ഹസീനയുടെ അവാമി പാർട്ടിയും, ഖാലിദ സിയയുടെ ബി.എൻ.പിയും മാറി മാറിയാണ് ബംഗ്ലാദേശിൽ അധികാരത്തിലിരിക്കുന്നത്. തുടർച്ചയായ മൂന്നാം തവണ ഭരണം പിടിക്കാനാണ് ഷെയ്ഖ് ഹസീനയുടെ ശ്രമം. 2014ൽ നടന്ന അവസാന തെരഞ്ഞെടുപ്പില്‍, കൃത്രിമം നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ തുടർന്ന് ഷെയ്ഖ് ഹസീന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Similar Posts