International Old
ഇമാമും കേണലും: അപസര്‍പ്പകകഥയെ വെല്ലുന്ന ഒരു തിരോധാനത്തിന്‍റെ കഥ
International Old

ഇമാമും കേണലും: അപസര്‍പ്പകകഥയെ വെല്ലുന്ന ഒരു തിരോധാനത്തിന്‍റെ കഥ

ബിശ്‍ര്‍ മുഹമ്മദ്
|
1 Dec 2018 2:19 PM GMT

മൂസാസദ്റിന് എന്തു സംഭവിച്ചുവെന്ന ചോദ്യവും പ്രഹേളികയായി തുടരാനാണ് സാധ്യത. കാരണം അതിനു കൃത്യമായി ഉത്തരം നല്‍കാനാവുമായിരുന്ന ഒരാള്‍ ചരിത്രത്തിന്‍റെ പിന്‍താളുകളിലേക്ക് പോയി.

നിഗൂഢതകളുടെ ഊടുവഴികളാണ് പലപ്പോഴും ചരിത്രം. പാതിവെച്ചു നിന്നു പോയ അപസര്‍പ്പകകഥയെ പോലെ ചില ചോദ്യങ്ങള്‍ക്കുത്തരം നല്‍കാതെ അത് വഴുതിക്കൊണ്ടേയിരിക്കും. അത്തരം ഒരു നിഗൂഡതയാണ് പ്രമുഖ ലബനീസ് പണ്ഡിതനും രാഷ്ട്രീയ നേതാവുമായ ഇമാം മൂസാസദ്റിന്‍റെ തിരോധാനം. പതിറ്റാണ്ടുകള്‍ നാലു കഴിഞ്ഞിട്ടും ലബനാനിന്‍റെ രാഷ്ട്രീയ-സാംസ്കാരിക പരിസരങ്ങളില്‍ ഈ നേതാവിന്‍റെ സ്വാധീനം മാഞ്ഞിട്ടില്ല. മൂസാസദ്റിന് എന്തു സംഭവിച്ചുവെന്ന ചോദ്യവും പ്രഹേളികയായി തുടരാനാണ് സാധ്യത. കാരണം അതിനു കൃത്യമായി ഉത്തരം നല്‍കാനാവുമായിരുന്ന ഒരാള്‍ ചരിത്രത്തിന്‍റെ പിന്‍താളുകളിലേക്ക് പോയി. കേണല്‍ മുഅമ്മര്‍ ഖദ്ദാഫി; നാലു പതിറ്റാണ്ടുകളോളം ലിബിയയെ ഉരുക്കുമുഷ്ടി കൊണ്ട് ഭരിച്ച ഭരണാധികാരി.

അല്‍പം ഫ്ലാഷ്ബാക്ക്

ഇറാനിലെ ഖും നഗരത്തില്‍ പ്രസിദ്ധ ശിയാപണ്ഡിത കുടുംബമായ സദ്‍ര്‍ കുടുംബത്തിലാണ് മൂസാസദ്റിന്‍റെ ജനനം. ലബനാനിലെ ജബല്‍ അമലിലാണ് ഇറാഖിലും, ഇറാനിലും, ലബനാനിലും വന്‍ജനസ്വാധീനമുള്ള സദ്‍ര്‍ കുടുംബത്തിന്‍റെ വേരുകള്‍. പിതാവ് ഗ്രാന്‍റ് ആയത്തുല്ല സദ്‍റുദ്ധീന്‍ സദ്‍ര്‍ മതപഠനാവശ്യാര്‍ഥം വടക്കു കിഴക്കന്‍ ഇറാനിലേക്ക് കുടിയേറിയതായിരുന്നു. പ്രമുഖ പണ്ഡിതന്‍ ഗ്രാന്‍റ് ആയത്തുല്ല ഹുസൈന്‍ അല്‍ഖുമ്മിയുടെ പുത്രിയെയാണ് സദ്റുദ്ധീന്‍ സദ്‍ര്‍ വിവാഹം കഴിച്ചത്. ഇവരുടെ മകനായി 1928 ജൂണ്‍ 4നാണ് മൂസാ സദ്റിന്‍റെ ജനനം. ഖും നഗരത്തിലെ തന്നെ ഹയാത്ത് എലമെന്‍ററി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. വളരെ ചെറുപ്പത്തില്‍ തന്നെ മതപഠനവുമാരംഭിച്ചു. തെഹ്റാന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് രാഷ്ട്രമീമാംസയിലും ഇസ്‍ലാമിക കര്‍മ്മശാസ്ത്രത്തിലും ബിരുദം നേടിയതിനു ശേഷം ഇസ്‍ലാമിക് ഫിലോസഫിയില്‍ പരിശീലനം നേടാന്‍ അദ്ദേഹം ഖുമ്മില്‍ തിരിച്ചെത്തി. അല്ലാമാ മുഹമ്മദ് ഹുസൈന്‍ തബതാബായിയാരുന്നു ഇസ്‍ലാമിക് ഫിലോസഫിയിലെ ഗുരുനാഥന്‍. 1953ല്‍ ഉപരിപഠനാവശ്യാര്‍ഥം അദ്ദേഹം ഇറാഖിലെ നജഫിലെത്തി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് അദ്ദേഹം ഇറാനില്‍ തിരിച്ചെത്തി. ഇറാനിലെ സാംസ്കാരിക പരിസരങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മൂസ സദ്‍ര്‍ ഇക്കാലയളവില്‍ ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതി. ഈ ലേഖനങ്ങളുടെ സമാഹാരം പിന്നീട് പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. 1959 ലാണ് അദ്ദേഹം ലബനാനിലെത്തുന്നത്. ഗുരുനാഥന്‍മാരായ ആയത്തുല്ല മുഹ്‍സിന്‍ അല്‍ ഹകീമിന്‍റെയും ആയതുല്ല ബുര്‍ജര്‍ദിയുടെയും നിര്‍ദേശ പ്രകാരമായിരുന്നു ലബനാന്‍ തന്‍റെ പ്രവര്‍ത്തന മണ്ഡലമായി അദ്ദേഹം തെരഞ്ഞെടുത്തത്.

ആറടി ആറിഞ്ച് ഉയരവും, പച്ചക്കണ്ണുകളും, ആരെയും ആകര്‍ഷിക്കുന്ന വാഗ്‍വിലാസവുമുള്ള മൂസാ സദ്‍ര്‍ ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ലബനാനിലെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറി. ശിയാ സമൂഹത്തിന്‍റെ അനിഷേധ്യ നേതാവായി മാറിയ അദ്ദേഹം സുന്നികളും ശിയാക്കളും ക്രൈസ്തവരുമടങ്ങുന്ന ലബനീസ് സമൂഹത്തില്‍ സമവായത്തിന്‍റെയും സൌഹൃദത്തിന്‍റെയും വഴിയായിരുന്നു തെരഞ്ഞെടുത്തത്. ശിയാ തിയോക്രസിയേക്കാളുപരി ശിയാക്കള്‍ക്ക് മതിയായ പ്രാതിനിധ്യമുള്ള സെക്കുലര്‍ ഭരണകൂടമാണ് ലബനാന്‍റെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ പരിതസ്ഥിതിക്കിണങ്ങുന്നതെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ലബനാന്‍ ആഭ്യന്തര യുദ്ധഭീഷണിയുടെ വക്കിലെത്തി നില്‍ക്കുമ്പോള്‍ സമാധാനശ്രമങ്ങളുടെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിലും അദ്ദേഹം പ്രസംഗിക്കാനെത്തി. ചര്‍ച്ചുകളില്‍ കുരിശിനു കീഴെ പ്രഭാഷണം നടത്തുന്ന ദീര്‍ഘകായനായ മുസ്‍ലിം പണ്ഡിതന്‍ അറബ് ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത ദൃശ്യമായിരുന്നു. ചര്‍ച്ചിനുള്ളിലേക്ക് മൂസാസദ്‍ര്‍ പ്രവേശിക്കുമ്പോള്‍ തിങ്ങിക്കൂടിയ ക്രൈസ്തവവിശ്വാസികള്‍ അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. താന്‍ പ്രതിനീധികരിക്കുന്ന ശിയാസമൂഹത്തിന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോഴും ലബനാനില്‍ ബഹുസ്വരത നിലനില്‍കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് തികഞ്ഞ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

1974ല്‍ ഹുസൈന്‍ അല്‍ ഹുസൈനിയുമായി ചേര്‍ന്ന് ആരംഭിച്ച ഹര്‍കത് അല്‍ മഹ്‍റൂമീന്‍ എന്ന സന്നദ്ധ സംഘടന സദ്റിന്‍റെ പൊതുജീവിതത്തിലെ വഴിത്തിരിവായി. തെക്കന്‍ ലബനാനില്‍ നിരവധി സ്കൂളുകളും മെഡിക്കല്‍ ക്ലിനിക്കുകളുമാണ് ഹര്‍കതുല്‍ മഹ്റൂമീനിന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചത്.

മുഅമ്മര്‍ ഖദ്ദാഫി

ലബനാന്‍ ആഭ്യന്തരയുദ്ധത്തിന്‍റെ വക്കിലെത്തി നില്‍കുമ്പോള്‍ യുദ്ധം ഒഴിവാക്കാന്‍ ബൈറൂത്തിലെ ഒരു മസ്ജിദില്‍ അദ്ദേഹം മൂന്നു ദിവസത്തോളം നിരാഹാരമിരുന്നു. ഈ സമയത്ത് ലബനാനിലെ വിവിധ മത-വംശീയ വിഭാഗങ്ങളുടെ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. പി.എല്‍.ഒ നേതാവ് യാസിര്‍ അറഫാത്തും സിറിയന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ഹലീം ഖദ്ദാമും ഈ ദിവസങ്ങളില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ താല്‍കാലികമായി വിജയം കണ്ടെങ്കിലും അധികം വൈകാതെ ലബനാന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതി വീണു.

അമല്‍ പാര്‍ട്ടി നടത്തുന്ന പ്രകടനം

ആഭ്യന്തരയുദ്ധം ലബനാനെ വിഴുങ്ങിയപ്പോള്‍ ലബനീസ് നാഷനല്‍ മൂവ്‍മെന്‍റിനു സദ്‍ര്‍ പിന്തുണ പ്രഖ്യാപിച്ചു. ആഭ്യന്തരയുദ്ധ കാലത്ത് പ്രമുഖ ഇറാനിയന്‍ ആക്റ്റിവിസ്റ്റായ മുസ്തഫ ചംറാനോടൊപ്പം അദ്ദേഹം അമല്‍ എന്ന പ്രതിരോധ സംഘം രൂപീകരിച്ചു. 1976ലെ സിറിയന്‍ അധിനിവേശത്തെ തുടര്‍ന്ന് ലബനീസ് നാഷനല്‍ മൂവ്മെന്‍റിനുള്ള പിന്തുണ പിന്‍വലിക്കാനും അദ്ദേഹം മടിച്ചില്ല. ലബനാനിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് അമല്‍.

ലിബിയയിലേക്ക്

1978 ആഗസ്റ്റ് 25നാണ് സദ്റും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായ ശൈഖ് മുഹമ്മദ് യാഖൂബും പത്രപ്രവര്‍ത്തകനായ അബ്ബാസ് ബദ്റുദ്ധീനും ലിബിയയിലേക്ക് പോകുന്നത്. മുഅമ്മര്‍ ഖദ്ദാഫി രക്തരഹിതവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തതിന്‍റെ ഒമ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ഖദ്ദാഫി ഭരണകൂടത്തിന്‍റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു യാത്ര. പിന്നീട് ഒരിക്കലും അദ്ദേഹം ലബനാനിലേക്ക് തിരിച്ചെത്തിയില്ല. പലതരത്തിലുള്ള ഊഹോപോഹങ്ങളും സദ്റിന്‍റെയും സഹപ്രവര്‍ത്തകരുടേയും തിരോധാനവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്.

ജീവിച്ചിരിക്കുന്ന ഇമാം

അപ്രത്യക്ഷനായ ഇമാമിനെ കുറിച്ചുള്ള ശിയാസങ്കല്‍പം അദ്ദേഹത്തെ മിത്തിക്കല്‍ മാനങ്ങളുള്ള ഇതിഹാസ പുരുഷനാക്കി മാറ്റി.

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയും ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയും തങ്ങളുടെ പ്രഭാഷണങ്ങളില്‍ അപ്രത്യക്ഷനായ ഇമാമിന്‍റെ തിരിച്ചു വരവിനെ കുറിച്ച് വാചാലരാവാറുണ്ട്.

ലബനാനിലും ഇറാനിലും നിരവധി പേര്‍ ഇപ്പോഴും മൂസാ സദ്‍ര്‍ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ പുത്രനും പുത്രിയും ഇമാം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന പക്ഷക്കാരാണ്. ലിബിയയിലെ ഏതോ ഒരു രഹസ്യ തടവറയില്‍ ഏകാന്ത തടവിലാണ് അദ്ദേഹമെന്നായിരുന്നു സദ്‍റിന്‍റെ അനുയായികളില്‍ പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഖദ്ദാഫി ഭരണകൂടത്തിന്‍റെ പതനത്തിനു ശേഷവും ഈ വാദം തെളിയിക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയും ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയും തങ്ങളുടെ പ്രഭാഷണങ്ങളില്‍ അപ്രത്യക്ഷനായ ഇമാമിന്‍റെ തിരിച്ചു വരവിനെ കുറിച്ച് വാചാലരാവാറുണ്ട്. ശഹീദ് (രക്തസാക്ഷി) എന്ന പദത്തിനു പകരം ശൈഖ് അല്‍ മുഗയ്യബ് (അപ്രത്യക്ഷനായ ശൈഖ്) എന്ന പദമാണ് മൂസാസദ്റിനെ കുറിച്ച് പറയുമ്പോള്‍ ഇവരൊക്കെ ഉപയോഗിക്കാറുള്ളത്.

ഹസന്‍ നസ്റുല്ല

ഖദ്ദാഫി ഭരണകൂടത്തിന്‍റെ ഭാഷ്യം

ഖദ്ദാഫി ഭരണകൂടത്തിന്‍റെ ഭാഷ്യപ്രകാരം മൂസാസദ്റും സംഘവും ആഗസ്ത് 31ന് ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റോമിലേക്ക് പോയിട്ടുണ്ട്. അതിനു തെളിവായി യാത്രാരേഖകളാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. റോമില്‍ നിന്ന് അദ്ദേഹത്തെയും കൂട്ടാളികളെയും ആരോ തട്ടിക്കൊണ്ടു പോയതായിരിക്കാമെന്നാണ് ഖദ്ദാഫി ഭരണകൂടത്തിന്‍റെ ഔദ്യോഗിക ഭാഷ്യം. റോമിലെ ഒരു ഹോട്ടലില്‍ വെച്ച് മൂസാസദ്റിന്‍റെയും സഹപ്രവര്‍ത്തകരുടേയും പാസ്പോര്‍ട്ടുകളും മറ്റുയാത്രാരേഖളും കണ്ടെത്തിയിരുന്നു.

അഹ്‍മദ് റമദാന്‍റെ വെളിപ്പെടുത്തല്‍

ഖദ്ദാഫി ഭരണകൂടത്തിലെ പ്രമുഖനും ഖദ്ദാഫിയുടെ സെക്രട്ടറിയുമായിരുന്ന അഹ്‍മദ് റമദാന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇമാമിന്‍റെ ദുരൂഹമായ തിരോധാനത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. വിപ്ലവ ഭരണകൂടത്തിന്‍റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ട്രിപ്പോളിയിലെത്തിയ സദ്റും സഹപ്രവര്‍ത്തകരും ഖദ്ദാഫിയുമായുള്ള ചര്‍ച്ചക്കായി അദ്ദേഹത്തിന്‍റെ ആസ്ഥാനമന്ദിരത്തിലെത്തി.

ഖദ്ദാഫിയുമായി രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കിടെ ഇസ്‍ലാമിക വിഷയങ്ങളില്‍ ഖദ്ദാഫിയുടെ അജ്ഞത ചോദ്യം ചെയ്തതില്‍ ക്രുദ്ധനായി ഖദ്ദാഫി മൂസാസദ്റിനേയും സഹപ്രവര്‍ത്തകരേയും കൊല്ലാന്‍ ഉത്തരവിടുകയായിരുന്നുവെത്രെ. ഖദ്ദാഫിയും മൂസാസദ്റും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് താന്‍ ദൃക്സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ കൊട്ടാരത്തില്‍ വെച്ച് തന്നെ ചോദ്യം ചെയ്തതാണ് ക്ഷിപ്രകോപിയായ ഖദ്ദാഫിയെ പ്രകോപിതനാക്കിയതത്രെ.

പിന്നില്‍ ഇസ്രയേല്‍?

തെക്കന്‍ ലബനാനിലെ ശിയാശാക്തീകരണം തങ്ങളുടെ നിലനില്‍പിനു ഭീഷണിയാവുമെന്ന് കണക്കുകൂട്ടിയ ഇസ്രായേലാണ് മൂസാസദ്റിന്‍റെ തിരോധാനത്തിനു പിന്നിലെന്നും അഭിപ്രായമുള്ളവരുണ്ട്.

പി.എല്‍.ഒയും സംശയനിഴലില്‍

ഫലസ്തീന്‍ വിമോചനത്തിന്‍റെ കാര്യത്തില്‍ കൃത്യമായ നിലപാടെടുത്ത മൂസാസദ്റിന് പക്ഷെ തെക്കന്‍ ലബനാനിലെ പി.എല്‍.ഒ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പുണ്ടായിരുന്നു. അതിര്‍ത്തി കടന്നുള്ള പി.എല്‍.ഒ ഓപറേഷനുകള്‍ വന്‍തോതിലുള്ള ഇസ്രായേലി സൈനിക നടപടികള്‍ക്ക് വഴിവെച്ചിരുന്നു. തെക്കന്‍ ലബനാനിലെ പാവപ്പെട്ട ഗ്രാമീണരായിരുന്നു ഏറിയകൂറും ഇസ്രായേലി സംഹാരതാണ്ഡവത്തിന്‍റെ ഇരകള്‍. ഇതായിരുന്നു മൂസാസദ്റിന്‍റെ വിയോജിപ്പിന്‍റെ കാരണം. പി.എല്‍.ഒ പ്രവര്‍ത്തനങ്ങള്‍ക്ക് മൂസാസദ്‍ര്‍ വിലങ്ങുതടിയാവുമെന്ന് കണ്ട യാസ‍ര്‍ അറഫാത്ത് ഖദ്ദാഫിയുടെ സഹായത്തോടെ സദ്റിനെ ഇല്ലാതാക്കിയതാണെന്നുള്ള പക്ഷവുമുണ്ട്. അപ്രത്യക്ഷമായ ദിവസം മൂസാസദ്റിനെ കുറിച്ചറിയാന്‍ യാസര്‍ അറഫാത്ത് ഖദ്ദാഫിയെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഖദ്ദാഫിയോടടുത്ത ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ആയത്തുല്ല ഖുമൈനിയുടെ ദര്‍ശനമായ വിലായത്തെ ഫഖീഹിനെ സംബന്ധിച്ചുള്ള മൂസാസദ്റിന്‍റെ വിയോജിപ്പുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ആയതുല്ല ബഹശ്സ്തിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചര്‍ച്ച നിശ്ചയിച്ചതെന്നായിരുന്നു സദ്റിനെ അറിയിച്ചിരുന്നത്.

ഫ്രാങ്ക്ളിന്‍ പി ലാംബിന്‍റെ അന്വേഷണം

മൂസാസദ്റിന്‍റെ തിരോധാനത്തെ കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന ഫ്രാങ്ക്‍ളിന്‍ പി ലാംബിന് പറയാറുള്ളത് മറ്റൊന്നാണ്. മൂസാസദ്‍ര്‍ കൊല്ലപ്പെട്ടുവെന്നത് സംശയാതീതമായ വസ്തുതയാണ്. ലിബിയന്‍ അധികൃതര്‍ പറയുന്ന പോലെ സദ്‍റും സഹപ്രവര്‍ത്തകരും റോമിലേക്ക് പോയിട്ടില്ല. ലിബിയന്‍ വിപ്ലവത്തിന്‍റെ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമ്പോള്‍ ഇറാനിലെ വിപ്ലവപ്രവര്‍ത്തനങ്ങളുടെ മുഖ്യസൂത്രധാരനായിരുന്ന ആയത്തുല്ല മുഹമ്മദ് ബെഹെശ്തിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘത്തിനു മൂസാസദ്റുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യമുണ്ടെന്നു ലിബിയന്‍ അധികൃതര്‍ മൂസാസദ്റിനെ അറിയിച്ചിരുന്നു. ഇറാനിലെ വിപ്ലവപ്രവര്‍ത്തനങ്ങളുടെ മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഇറാനില്‍ ആയത്തുല്ല ഖുമൈനി കഴിഞ്ഞാല്‍ രണ്ടാമനുമായിരുന്നു ബെഹെശ്തി. ആയത്തുല്ല ഖുമൈനിയുടെ ദര്‍ശനമായ വിലായത്തെ ഫഖീഹിനെ സംബന്ധിച്ചുള്ള മൂസാസദ്റിന്‍റെ വിയോജിപ്പുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ആയതുല്ല ബഹശ്സ്തിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചര്‍ച്ച നിശ്ചയിച്ചതെന്നായിരുന്നു സദ്റിനെ അറിയിച്ചിരുന്നത്. ഖുമൈനിയുടെ ഭരണസങ്കല്‍പത്തിന്‍റെ അടിസ്ഥാനമായ വിലായത്തെ ഫഖീഹിനോട് മൂസാ സദ്റിന് വിയോജിപ്പുണ്ടായിരുന്നു. ഖുമൈനിയുടെയും സഹപ്രവര്‍ത്തകരുടെയും തീവ്രശിയാ ചിന്താഗതിയിലൂന്നിയ ഭരണസങ്കല്‍പത്തില്‍ നിന്നു മാറി ബഹുസ്വര സമൂഹത്തിലെ ശിയാശാക്തീകരണം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായിരുന്നു മൂസാസദ്റ് മുന്നോട്ട് വെച്ചത്.

മുഹമ്മദ് ബഹശ്സ്തി

ഇറാഖിലും, ഇറാനിലും, ലബനാനിലും ഒരു പോലെ ജനപിന്തുണയുണ്ടായിരുന്ന സദ്റിന്‍റെ നിലപാടുകള്‍ ഇറാന്‍ വിപ്ലവത്തിനു വിഘാതമാവുമെന്ന് ബഹശ്തി വിലയിരുത്തിയിരുന്നു. അതു കൊണ്ടു തന്നെ ഏതുവിധേനയും സദ്റിനെ ഇല്ലാതാക്കണമെന്ന് ബഹശ്തി തീരുമാനിച്ചു. ലിബിയയിലെത്തിയ സദ്‍ര്‍ ലബനാനില്‍ തിരിച്ചെത്തരുതെന്ന് ഖദ്ദാഫിയോട് ബഹശ്തി ടെലഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നുവെത്രെ. സദ്റിന്‍റെ ‘തിരോധാനത്തിനു’ സാക്ഷികളുണ്ടാവരുതെന്നും സംഭാഷണത്തിനിടെ 3 തവണ ബഹശ്തി ഖദ്ദാഫിയെ ഉണര്‍ത്തിയിരുന്നു. സിഐഎ, എം.ഐ6, ഇറാന്‍ ചാരസംഘടന തുടങ്ങിയ ചാരസംഘടനകളുടെ തലപ്പത്തുള്ളവരും ഹിസ്ബുല്ലയുടേയും, സദ്റിന്‍റെ തന്നെ അമല്‍പാര്‍ട്ടിയുടേയും ഉന്നതനേതൃത്വവും ബഹശ്തിയും ഖദ്ദാഫിയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തിന്‍റെ റെക്കോര്‍ഡിംഗ് കേട്ടിട്ടുള്ളവരും അതിനെ കുറിച്ച് അറിവുള്ളവരാണെന്നും ലാമ്പ് വ്യക്തമാക്കുന്നു. ഖദ്ദാഫിയുടെ ‘ക്ഷിപ്രകോപം’ മൂസാസദ്റിനെ വകവരുത്തുന്നതിനുള്ള ഒരു പുകമറ മാത്രമായിരുന്നുവെന്നാണ് ലാമ്പിന്‍റെ പക്ഷം.

ഇറ്റാലിയന്‍ കോടതിയുടെ നിരീക്ഷണം

2006ല്‍ മതിയായ തെളിവുകളില്ലാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഇമാം മൂസാസദ്‍ര്‍ തിരോധാന കേസിന്‍റെ ഫയലുകള്‍ ക്ലോസ് ചെയ്യാന്‍ ഇറ്റാലിയന്‍ കോടതി തീരുമാനിച്ചു. സദ്‍ര്‍ ഇറ്റലിയിലെത്തിയെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും കോടതി നീരീക്ഷിച്ചിരുന്നു.

ഖദ്ദാഫിയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്തുള്ളവര്‍ പ്ലാന്‍ ചെയ്തു നടപ്പാക്കിയ വികല നാടകമായിരുന്നു സദ്റിന്‍റെയും സഹപ്രവര്‍ത്തകരുടേയും ഇറ്റാലിയന്‍ യാത്രയെന്നാണ് ഖദ്ദാഫി ഭരണകൂടവുമായി അടുത്തു ബന്ധമുണ്ടായിരുന്ന മുഹമ്മദ് അല്‍ കാദര്‍ ഈജിപ്തില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ലാംബിനോട് പറഞ്ഞത്. ലിബിയന്‍ ഏജന്‍റായ മുഹമ്മദ് റഹിബിയും രണ്ടു കൂട്ടാളികളുമാണ് സദ്റിന്‍റെയും സഹപ്രവര്‍ത്തകരുടേയും വേഷമണിഞ്ഞ് യാത്രാരേഖകളുമായി റോമിലേക്ക് യാത്രചെയ്തതെന്ന് അല്‍കാദര്‍ വ്യക്തമാക്കി. സദ്റിന്‍റെയും സഹപ്രവര്‍ത്തകരുടേയും യാത്രാരേഖകളും വസ്ത്രങ്ങളും റോമിലെ ഹോട്ടലില്‍ ഉപേക്ഷിക്കുകയായിരുന്നു ഇവരില്‍ അര്‍പ്പിക്കപ്പെട്ട ദൌത്യം. നല്ല പൊക്കമുണ്ടായിരുന്ന ഇമാമിന്‍റെ ശരീരത്തോട് സാമ്യം തോന്നിപ്പിക്കാന്‍ ഷൂവിന്നുള്ളില്‍ ഒരു ചെറിയ വെപ്പുകാലും ഘടിപ്പിച്ചാണ് റഹ്ബി യാത്രചെയ്തിരുന്നതെത്രെ. വേച്ചു നടന്ന റഹ്ബിയെ ഹോട്ടല്‍ ലോബിയിലുള്ളവര്‍ കൌതുകത്തോടെ നോക്കിയത് ഓപറേഷന്‍റെ ഭംഗി കെടുത്തിയെങ്കിലും ഏല്‍പിക്കപ്പെട്ട ദൌത്യം പൂര്‍ത്തീകരിച്ച് റഹ്ബിയും കൂട്ടാളികളും ലിബിയയില്‍ തിരിച്ചെത്തി. വെപ്പുകാല്‍ വെച്ച് ഇന്‍റലിജന്‍സ് ഓപറേഷനു പോയ റഹ്ബി കാലങ്ങളോളം ലിബിയയുടെ ഭരണതലത്തിലെ തമാശയായിരുന്നുവെന്നും അല്‍കാദര്‍ ലാമ്പിനോട് വെളിപ്പെടുത്തി.

അന്നു സംഭവിച്ചത്; ഫ്രാങ്ക്ളിന്‍ പി ലാംബ് പറയുന്നു

ബൈറൂത്തില്‍ നിന്ന് ട്രിപ്പോളിയിലെത്തിയ സദ്‍ര്‍ സംഘത്തെ ഖദ്ദാഫിയുടെ വിദേശകാര്യമന്ത്രിയായ താഹാശരീഫ് ബിന്‍ ആമിറും മറ്റു രണ്ട് ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. അഹമ്മദ് റമദാന്‍ വെളിപ്പെടുത്തിയ പോലെ സദ്‍ര്‍ സംഘം ഖദ്ദാഫിയുമായുള്ള കൂടിക്കാഴ്ചക്ക് ആസ്ഥാന മന്ദിരത്തിലെത്തി. കൂടിക്കാഴ്ച അസുഖകരമായാണ് പിരിഞ്ഞത്. ഖദ്ദാഫിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. സദ്‍ര്‍ സംഘത്തെ തിരിച്ചു ഹോട്ടലിലെത്തിക്കാന്‍ ഖദ്ദാഫി ഉത്തരവു നല്‍കി.

നല്ല പൊക്കമുണ്ടായിരുന്ന ഇമാമിന്‍റെ ശരീരത്തോട് സാമ്യം തോന്നിപ്പിക്കാന്‍ ഷൂവിന്നുള്ളില്‍ ഒരു ചെറിയ വെപ്പുകാലും ഘടിപ്പിച്ചാണ് റഹ്ബി യാത്രചെയ്തിരുന്നതെത്രെ. വേച്ചു നടന്ന റഹ്ബിയെ ഹോട്ടല്‍ ലോബിയിലുള്ളവര്‍ കൌതുകത്തോടെ നോക്കിയത് ഓപറേഷന്‍റെ ഭംഗി കെടുത്തിയെങ്കിലും ഏല്‍പിക്കപ്പെട്ട ദൌത്യം പൂര്‍ത്തീകരിച്ച് റഹ്ബിയും കൂട്ടാളികളും ലിബിയയില്‍ തിരിച്ചെത്തി.

ആയതുല്ല ബഹശ്സ്തിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചക്കായി മൂസാസദ്‍ര്‍ ലബനാനിലേക്ക് തിരിച്ചു പോവാതെ ലിബിയയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. ഒരിക്കലുമെത്താത്ത ആയതുല്ല ബഹശ്തിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തെ കാത്തിരുന്നു മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ അദ്ദേഹത്തിനു അപകടം മണത്തു. ലബനാനിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹവും സംഘവും തീരുമാനിച്ചു. ഇതു സംബന്ധിച്ച് അദ്ദേഹം ലബനാനിലെ തന്‍റെ സഹപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തിരുന്നു. സദ്റിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്ന ലിബിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ ഫോണ്‍ കോള്‍ ചോര്‍ത്തി. ലബനാനിലേക്ക് പുറപ്പെടാന്‍ ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിലെത്തിയ സദ്‍ര്‍ സംഘത്തെ എതിരേറ്റതു ലിബിയന്‍ ഉദ്യോഗസ്ഥന്‍മാരായിരുന്നു. ഇവര്‍ സദ്‍ര്‍ സംഘത്തോട് ഹോട്ടലിലേക്ക് തിരിച്ചു പോവാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച സദ്റ് ബൈറൂത്തിലേക്ക് തിരിച്ചു പോവാനുള്ള തീരുമാനം മാറ്റില്ലെന്ന് വ്യക്തമാക്കി. ബൈറൂത്തിലേക്കുള്ള യാത്രയില്‍ നിന്ന് സദ്റിനെ പിന്തിരിപ്പിക്കാനാവില്ലെന്ന് വ്യക്തമായതോടെ ഖദ്ദാഫിക്കു വേണ്ടി വാടകക്കൊലകള്‍ നടത്തിയിരുന്ന അബൂനിദാല്‍ മിലീഷ്യയിലെ 2 അംഗങ്ങള്‍ സദ്‍ര്‍ സംഘത്തെ മര്‍ദിക്കുകയും ബലം പ്രയോഗിച്ച് കാറില്‍ കയറ്റി ട്രിപ്പോളിയുടെ പടിഞ്ഞാറു ഭാഗത്തുള്ള ജന്‍സൂര്‍ നഗരത്തിലെത്തിച്ചു. 20 ലേറെ രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തിയ സംഘത്തിന്‍റെ നേതാവായിരുന്നു സാബ്‍രി ഖലീല്‍ ബന്ന എന്ന അബൂനിദാല്‍. മൂന്ന് ദിവസം സദ്റും സംഘവും അബൂനിദാല്‍ മിലീഷ്യയുടെ തടവില്‍ കഴിഞ്ഞു. അതിനു ശേഷം സെപ്തംബര്‍ 4ന് അബൂനിദാലിന്‍റെ ഉത്തരവു പ്രകാരം വെടിവെച്ചു കൊന്നു. ശേഷം മൃതദേഹങ്ങള്‍ വഹിച്ചുള്ള ഹെലികോപ്റ്റര്‍ ഖദ്ദാഫിയുടെ ശക്തികേന്ദ്രമായ തെക്കുപടിഞ്ഞാറന്‍ ലിബിയയിലെ സോഭാ ലക്ഷ്യമാക്കി പറന്നു. സോഭയില്‍ പലയിടത്തും രഹസ്യകുഴിമാടങ്ങളുണ്ട്. ഖദ്ദാഫി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ നിരവധി പേര്‍ അടയാളങ്ങളില്ലാത്ത ആ കുഴിമാടങ്ങളില്‍ നിത്യനിദ്രയിലാണ്.

അബൂനിദാല്‍

സദ്റിന്‍റെയും സഹപ്രവര്‍ത്തകരുടേയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഒരു പ്രശ്നം ഉയര്‍ന്നു വന്നു. അര്‍ദ്ധരാത്രിക്ക് ശേഷം മണ്ണില്‍ കിളക്കുന്ന ശബ്ദം കേട്ട് മൂന്ന് ഗ്രാമീണര്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ അവിടം വരെ വന്നു. ഗ്രാമീണര്‍ ഒന്നും സംസാരിച്ചില്ല. ഒരു മിനിറ്റില്‍ താഴെ മാത്രം അവിടെ നിന്ന് വന്ന പോലെ നിശബ്ദരായി തിരിച്ചു പോയി. ഗ്രാമവാസികള്‍ കുഴിമാടങ്ങള്‍ കണ്ടിട്ടുണ്ടെന്ന് മനസ്സിലായതോടെ ലിബിയന്‍ പ്രധാനമന്ത്രി അബ്ദുസലാം ജാലൂദിന്‍റെ ഉത്തരവ് പ്രകാരം മൃതദേഹങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചു. മൃതദേഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഹെലികോപ്റ്റര്‍ പിന്നീട് പറന്നത് മെഡിറ്ററേനിയന്‍ കടല്‍ ലക്ഷ്യമാക്കിയാണ്. ഹെലികോപ്റ്റര്‍ പറത്തിയിരുന്നത് ലിബിയന്‍ വ്യോമസേനയിലെ പൈലറ്റായിരുന്ന ലഫ്റ്റനന്‍റ് കേണല്‍ നജിയുദ്ധീന്‍ യസീഗിയായിരുന്നു. മെഡിറ്ററേറിയനിന്‍റെ മീതെയെത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് മൃതദേഹങ്ങള്‍ കടലിലേക്കെറിഞ്ഞു. പൊങ്ങി വരാതിരിക്കാന്‍ മൃതദേഹങ്ങളുടെ കാലുകളില്‍ കോണ്‍ക്രീറ്റ്ബ്ലോക്കുകള്‍ കെട്ടിയിരുന്നു. ആധുനിക ലബനീസ് ചരിത്രത്തിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള നേതാവ് അങ്ങനെ ആഴിയുടെ ആഴങ്ങളിലലിഞ്ഞു.

ആയത്തുള്ള ഖുമൈനി

മൃതദേഹങ്ങള്‍ കടലിലെറിഞ്ഞ് തിരിച്ചു പറക്കുന്നതിനിടെ ഹെലികോപ്റ്റര്‍ മെഡിറ്ററേനിയന്‍റെ മീതെ പൊട്ടിത്തെറിച്ചു. മൂസാസദ്‍റിനെ ഏറ്റുവാങ്ങിയ കടല് ലഫ്റ്റനന്‍റ് കേണല്‍ യസീഗിക്കും ഖബ്റൊരുക്കി. സദ്റിനെ പോലെ തന്നെ ലഫ്റ്റനന്‍റ് കേണല്‍ യസീഗിയും ‘അപ്രത്യക്ഷനായി’. രഹസ്യം പുറത്തുപോവാതിരിക്കാന്‍ പ്രധാനമന്ത്രി ജാലൂദിന്‍റെ ഉത്തരവു പ്രകാരം ഹെലികോപ്റ്റര്‍ മിസൈലാക്രമണത്തില്‍ തകര്‍ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഒരു ഉപദേശകന് തന്നോട് പറഞ്ഞതായി യസീഗിയുടെ ഭാര്യാസഹോദരനും ലിബിയന് റവലൂഷണറി കൌണ്‍സില്‍ മെമ്പറുമായിരുന്ന അബ്ദുല്‍ മുന്‍ഇം അല്‍ഹൂനി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇസ്‍ലാമിക് റിപബ്ലിക്കിന്‍റെ സമുന്നത നേതാക്കളുടെ കരങ്ങളില്‍ ഉന്നതനായ ഒരു ഇസ്‍ലാമിക പണ്ഡിതന്‍റെ രക്തം പുരണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം പുറത്തറിഞ്ഞാലുണ്ടാകുന്ന പ്രകമ്പനങ്ങല്‍ പ്രവചനാതീതമായിരിക്കും. മൂസാസദ്റിനെ നെഞ്ചോടു ചേര്‍ക്കുന്ന ജനലക്ഷങ്ങളുടെ പ്രതിഷേധം ഭയന്നാണ് ഇറാനും സഖ്യകക്ഷിയായ ഹിസ്ബുല്ലയും ‘അപ്രത്യക്ഷനായ ഇമാം’ സങ്കല്‍പം പ്രചരിപ്പിക്കുന്നതെന്നാണ് ലാമ്പിന്‍റെ ഉറച്ച അഭിപ്രായം. സദ്റിന്‍റെ അമല്‍പാര്‍ട്ടിയാകട്ടെ ഇപ്പോള്‍ ലബനാന്‍ പാര്‍ലമെന്‍റ് സ്പീക്കറായ നബീഹ് ബരിയുടെ കൈപ്പിടിയിലാണ്. സാമ്പത്തിക മോഹവും അധികാരമോഹവും ആവശ്യത്തിലധികമുള്ള നബീഹ് ബരിയെ സംബന്ധിച്ചിടത്തോളം ‘അപ്രത്യക്ഷനായ ഇമാം’ നല്ലൊരു കറവപ്പശുവാണെന്നും ലാംബ് വ്യക്തമാക്കുന്നു.

അനന്തരം

History never says goodbye. History says, ‘See you again’- Eduardo Galeano

1981 ജൂണ്‍ 28ന് തെഹ്റാനിലെ ഇസ്‍ലാമിക് റിപബ്ലിക് പാര്‍ട്ടിയുടെ ആസ്ഥാനത്ത് സുപ്രധാനമായ ഒരു യോഗം നടക്കുന്നതിനിടെ വന്‍ സ്ഫോടനം നടന്നു. ഷാഭരണകൂടത്തെ അനുകൂലിക്കുന്ന സൈനികഓഫീസര്‍മാരായിരുന്നു സ്ഫോടനത്തിനു പിന്നില്‍. ഇറാന്‍ ഇസ്‍ലാമിക് റിപബ്ലിക്കിന്‍റെ 73 ഉന്നത നേതാക്കള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ആയതുല്ല മുഹമ്മദ് ബഹശ്തിയുമുണ്ടായിരുന്നു.

**************

യാസര്‍ അറഫാത്തിന്‍റെ പി.എല്‍.ഒയില്‍ നിന്ന് തെറ്റിപിരിഞ്ഞ ശേഷം സ്വന്തം സംഘടന രൂപീകരിച്ച അബൂനിദാല്‍ പിന്നീട് പശ്ചിമേഷ്യയെ വിറപ്പിച്ച വാടകക്കൊലയാളിയായി രൂപാന്തരപ്പെടുകയായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് ഹസ്റ്റിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ സൈക്കോപാത്തായി മാറിയ ദേശസ്നേഹി. സ്വന്തം താല്‍പര്യങ്ങള്‍ക്കപ്പുറം മറ്റൊന്നിനും വില കല്‍പിക്കാത്ത വാടക്കൊലയാളി. ഫലസ്തീന്‍ വിമോചനപ്പോരാളിയായി തുടങ്ങി ഒടുവില്‍ ഖദ്ദാഫിക്കും മറ്റ് അറബ് സ്വേച്ഛാധിപതികള്‍ക്കുമായി 20ഓളം രാജ്യങ്ങളില്‍ നിരവധി പേരെ കൊലപ്പെടുത്തിയ അബൂനിദാല്‍ പിന്നീട് ഇസ്രയേലിനും അമേരിക്കക്കും വേണ്ടി വരെ ഓപറേഷനുകള്‍ ഏറ്റെടുത്തു. ഒടുവില്‍ 2002 ആഗസ്ത് 16ല്‍ അബൂനിദാലിന്‍റെ സമയമെത്തി. ബഗ്ദാദിലെ താമസസ്ഥലത്ത് സദ്ദാം ഹുസൈന്‍റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അബൂനിദാലിനെ തേടിയെത്തി. സിഐഎക്കും കുവൈത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യാനായി ഇറാഖി ഉദ്യോഗസ്ഥരെത്തിയത്. വ്യക്തമായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ അബൂനിദാല്‍ സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യം സമ്മതിച്ചു. ഇറാഖ് അധിനിവേശത്തിനായി അമേരിക്കക്ക് ന്യായം ചമക്കാനായി സദ്ദാം ഭരണകൂടവും അല്‍ഖാഇദയും തമ്മിലുള്ള ബന്ധത്തിനു ‘തെളിവുകള്‍’ നിര്‍മ്മിക്കാനായിരുന്നു അബൂനിദാല്‍ കരാര്‍ ഏറ്റെടുത്തത്. ചോദ്യം ചെയ്യലിനിടെ വസ്ത്രം മാറണമെന്ന് ആവശ്യപ്പെട്ട അബൂനിദാല്‍ കുളിമുറിയിലേക്ക് കയറി. കയ്യില്‍ കരുതിയ തോക്കുപയോഗിച്ച് സ്വന്തം വായിലേക്ക് വെടിവെച്ച അബൂനിദാലിന്‍റെ തലയോട്ടി തുരന്ന് വെടിയുണ്ട പുറത്തെത്തി. ആഗസ്ത് 22ന് അന്നത്തെ ഇറാഖി ഇന്‍റലിജന്‍സ് മേധാവി താഹിര്‍ ജലീല്‍ ഹബുശ് ആത്മഹത്യ ചെയ്ത അബൂനിദാലിന്‍റെ ചിത്രങ്ങള്‍ പത്രങ്ങള്‍ക്ക് കൈമാറി.

ഹെലികോപ്റ്റര്‍ പറത്തിയിരുന്നത് ലിബിയന്‍ വ്യോമസേനയിലെ പൈലറ്റായിരുന്ന ലഫ്റ്റനന്‍റ് കേണല്‍ നജിയുദ്ധീന്‍ യസീഗിയായിരുന്നു. മെഡിറ്ററേറിയനിന്‍റെ മീതെയെത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് മൃതദേഹങ്ങള്‍ കടലിലേക്കെറിഞ്ഞു. പൊങ്ങി വരാതിരിക്കാന്‍ മൃതദേഹങ്ങളുടെ കാലുകളില്‍ കോണ്‍ക്രീറ്റ്ബ്ലോക്കുകള്‍ കെട്ടിയിരുന്നു.

**************

തുനീഷ്യയില്‍ തുടങ്ങിയ അറബ് വസന്തം ലിബിയയിലും ആഞ്ഞുവീശി തുടങ്ങിയപ്പോള്‍ ഖദ്ദാഫി ഉരുക്കുമുഷ്ടി കൊണ്ടാണ് സ്വന്തം ജനങ്ങളെ നേരിട്ടത്. 100 കണക്കിനു പേര്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഒടുവില്‍ നാറ്റോ ഇടപെട്ടതോടെ ആഭ്യന്തരയുദ്ധത്തിന്‍റെ കാറ്റു മാറി വീശി തുടങ്ങി. ശക്തിദുര്‍ഗങ്ങള്‍ ഓരോന്നായി നിലംപൊത്തി. ഒടുവില്‍ ട്രിപ്പോളിയും നഷ്ടമായതോടെ ഖദ്ദാഫി തന്‍റെ ശക്തികേന്ദ്രമായ സിര്‍ത്തിലേക്ക് രക്ഷപ്പെട്ടു. വിമതരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വലിയ ഡ്രൈനേജ് പൈപ്പിന്‍റെയുള്ളിലായിരുന്നു ഖദ്ദാഫിയും കൂട്ടരും ഒളിച്ചിരുന്നത്. 2011 ഒക്റ്റോബര്‍ 20ന് ഖദ്ദാഫിയും സഹായികളും വിമതപോരാളികളുടെ പിടിയിലകപ്പെട്ടു. ക്രൂരമായ പീഡനത്തിനു ശേഷം ഖദ്ദാഫിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടു. നാലുപതിറ്റാണ്ടോളം ലിബിയയെ അടക്കിഭരിച്ച ഉരുക്കുമനുഷ്യന്‍ ചോരയൊലിപ്പിച്ചു നില്‍കുന്ന മുഖവും കൂപ്പിയ കൈകളുമായി അര്‍ധ നഗ്നനായി സ്വന്തം ജനങ്ങള്‍ക്ക് മുമ്പില്‍ ജീവനു വേണ്ടി യാചിച്ചു. പക്ഷെ യാചനകളെല്ലാം വൃഥാവിലായി. സ്വന്തം ജനങ്ങള്‍ തന്നെ ഖദ്ദാഫിയെ തല്ലിക്കൊന്നു. മിസ്റാതിലെ മാര്‍കറ്റില്‍ മാംസം സൂക്ഷിക്കുന്ന ഫ്രീസറില്‍ ഖദ്ദാഫിയുടെ ജഡം മൂന്ന് നാള്‍ കിടന്നു. ലിബിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിനാളുകള്‍ ഖദ്ദാഫിയുടെ ജഡം കാണാനെത്തി. അവരില്‍ പലരും ജഡത്തിനു സമീപത്തു നിന്ന് സെല്‍ഫിയെടുത്തു.

*****************

ചരിത്രം അങ്ങനെയാണ്. കാലമേറെക്കഴിഞ്ഞാലും കണക്കുതീര്‍ത്തിരിക്കും.

Similar Posts