ഇന്ധന വിലവര്‍ധനക്കെതിരെ വന്‍ പ്രതിഷേധം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
|ജനുവരി ഒന്നുമുതല്‍ വീണ്ടും ഡീസല്‍ ലിറ്ററിന് 6.5 ശതമാനവും പെട്രോളിന് 2.9 ശതമാനവും വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ജനം തെരവിലിറങ്ങിയത്.
ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ഞൂറോളം പേരെയാണ് പൊലീസ് അറസറ്റു ചെയ്തത്.
മുഖം മറച്ച് ആയുധങ്ങളേന്തിയാണ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ തെരുവിലിറങ്ങിയത്. സമരക്കാര്‍ പാരീസില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതനിധികളും യോഗത്തില്‍ പങ്കെടുക്കും. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും. അടിയന്തരാവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സര്‍ക്കര്‍ വക്താവ് ബഞ്ചമിന് ഗ്രീവക്സ് അറിയിച്ചു.
നവംബര്‍ 17ന് തുടങ്ങിയ പ്രതിഷേധമാണ് ശനിയാഴ്ച മുതല്‍ അക്രമാസക്തമായത്. 'യെല്ലോ വെസ്റ്റ്' എന്നുപേരിട്ട പ്രക്ഷോഭം വളരെ പെട്ടെന്നാണ് രാജ്യമെങ്ങും വ്യാപിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് തെരുവിലേക്ക് വ്യാപിച്ചത്. ഡീസല്‍ നികുതിയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 23 ശതമാനം വര്‍ദ്ധനവാണ് ഫ്രാന്‍സിലുണ്ടായത്. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ വീണ്ടും ഡീസല്‍ ലിറ്ററിന് 6.5 ശതമാനവും പെട്രോളിന് 2.9 ശതമാനവും വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ജനം തെരവിലിറങ്ങിയത്.