International Old
സെന്റിനലുകള്‍ അക്രമികളല്ലെന്ന് നരവംശശാസ്ത്രജ്ഞ
International Old

സെന്റിനലുകള്‍ അക്രമികളല്ലെന്ന് നരവംശശാസ്ത്രജ്ഞ

Web Desk
|
2 Dec 2018 10:47 AM GMT

അതിനിടെ കൊല്ലപ്പെട്ട ജോണ്‍ ചൗവിനെ സെന്റിനല്‍ ദ്വീപിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് അമേരിക്കക്കാരായ ദമ്പതികളുടെ നിരന്തര സമ്മര്‍ദ്ദമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

തങ്ങളുടെ ദ്വീപിലെത്തുന്ന ആരെയും ആക്രമിക്കുന്നവരെന്നാണ് സെന്റിനലീസ് ഗോത്രവിഭാഗത്തെക്കുറിച്ചുള്ള പൊതു ധാരണ. യു.എസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മരണത്തിന് ശേഷം ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിന്റെ ഭാഗമായ സെന്റിനല്‍ ദ്വീപിനെക്കുറിച്ച് ഈ ധാരണ കുറച്ചുകൂടി ശക്തമാവുകയും ചെയ്തു. എന്നാല്‍ അങ്ങേയറ്റത്തെ ഊഷ്മളതയോടെ മാത്രം പെരുമാറിയ സെന്റിനലീസുകളെക്കുറിച്ചാണ് നരവംശശാസ്ത്രജ്ഞയായ മധുമാല ചഠോപാധ്യായക്ക് പറയാനുള്ളത്. സെന്റിനലീസ് ഗോത്രവര്‍ഗ്ഗക്കാരുമായി ഏറ്റവും അടുത്ത് പെരുമാറിയിട്ടുള്ള ദ്വീപിന് പുറത്തുള്ള ഏക മനുഷ്യസ്ത്രീയാണവര്‍.

സന്ദര്‍ശകരായ അഞ്ച് യുവാക്കളെ ഒറ്റക്ക് അടിച്ചിടാന്‍ ശേഷിയുള്ളവരാണ് ഓരോ സെന്റിനലീസ് മധ്യവയസ്‌കനും. മാത്രമല്ല നൂറ്റാണ്ടുകളായി പുറത്തുനിന്നുള്ളവരെ പ്രതിരോധിച്ചാണ് അവര്‍ക്ക് ശീലം. എങ്കിലും പലതരത്തിലുള്ള മുന്നറിയിപ്പുകള്‍ അവര്‍ സന്ദര്‍ശകര്‍ക്ക് നല്‍കാറുണ്ട്. ഒരിക്കലും അവര്‍ ആദ്യം ആക്രമിക്കാറില്ല. ജോണ്‍ അലന്‍ ചോവിനും ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കാമെന്ന് മധുമാല പറയുന്നു.

അതിനിടെ കൊല്ലപ്പെട്ട ജോണ്‍ ചൗവിനെ സെന്റിനല്‍ ദ്വീപിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് അമേരിക്കക്കാരായ ദമ്പതികളുടെ നിരന്തര സമ്മര്‍ദ്ദമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പോലീസ് തലവന്‍ ദീപേന്ദ്രപഥക് ആണ് പുതിയ വിവരം പുറത്തുവിട്ടത്. ജോണിന് വന്ന ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പുറത്തായിരിക്കുന്നത്. ജോണിന്റെ മരണത്തിന് പിന്നാലെ ഇവര്‍ ഇന്ത്യ വിട്ടതായും പൊലീസ് അറിയിച്ചു. ഇവരും ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്.

നേരത്തെയും മിഷനറിമാര്‍ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലെത്താന്‍ ശ്രമിച്ചിട്ടുണ്ട്. പലരും മ്യാന്മറില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമൊക്കെയാണ് ഇവിടെയെത്താന്‍ ശ്രമിച്ചത്. ഇവരേയും മത്സ്യതൊഴിലാളികളാണ് പലപ്പോഴും പണംവാങ്ങി സെന്റിനല്‍ദ്വീപിലെത്തിക്കാറ്. അത് അപകടത്തിലോ പരാജയത്തിലോ അവസാനിക്കലാണ് പതിവ്. ജോണ്‍ ചോവിനും സംഭവിച്ചത് അതുതന്നെ.

മാധ്യമപ്രവര്‍ത്തകരും പൊലീസും മിഷനറിയും ഗവേഷകരും തമ്മിലുള്ള വ്യത്യാസമൊന്നും സെന്റിനലീസുകള്‍ക്ക് അറിയില്ല. പൊലീസ് ജോണ്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ തന്നെ സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് പോകുന്നതാകും ഉചിതം. ഈ സംഭവത്തിനുശേഷം അവര്‍ ദേഷ്യത്തിലാണെങ്കില്‍ മൃതദേഹം വീണ്ടെടുക്കുക എളുപ്പമല്ല. അപ്പോഴും ആദ്യം അവര്‍ ആക്രമിക്കുമെന്ന് ധരിക്കരുതെന്നും മധുമാല ഓര്‍മ്മിപ്പിക്കുന്നു.

ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗമായി 1991 ജനുവരി നാലിനാണ് മധുമാല അടങ്ങുന്ന 13 അംഗ സംഘംസെന്റിനല്‍ ദ്വീപിലെത്തിയത്. ദ്വീപിനടുത്തേക്ക് എത്തിയപ്പോള്‍ തന്നെ അമ്പും വില്ലുമായി നില്‍ക്കുന്ന സെന്റിനലുകളെ കണ്ടു. തേങ്ങയും പഴവും വെള്ളത്തിലൂടെ ഒഴുക്കി അവരുടെ വിശ്വാസം നേടിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. മണിക്കൂറുകളും ദിവസങ്ങളും നീണ്ട പരിശ്രമത്തിനൊടുവിലാണ് അവരുടെ വിശ്വാസം നേടിയെടുക്കാനായതെന്നും മധുമാല പറയുന്നു.

പിന്നീട് ഫെബ്രുവരിയില്‍ എത്തിയപ്പോള്‍ മധുമാലക്കും സംഘത്തിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പ്രകൃതിയെ ആരാധിക്കുന്നവരാണ് സെന്റിനലുകള്‍. പ്രകൃതിശക്തികള്‍ക്കൊപ്പം സ്ത്രീകളേയും ബഹുമാനിക്കുകുയം ആദരിക്കുകയും ചെയ്യുന്നവരാണവര്‍. അതുകൊണ്ടുതന്നെ സ്‌നേഹാദരങ്ങളോടെയാണ് അവര്‍ സ്വീകരിച്ചിരുന്നതെന്ന് ഗവേഷക സംഘത്തിലെ ഏക വനിതയായിരുന്ന മധുമാല ഓര്‍ക്കുന്നു. ആറുവര്‍ഷം ആന്‍ഡമാനിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നുണ്ടായില്ലെന്നും മധുമാല കൂട്ടിച്ചേര്‍ക്കുന്നു.

കേന്ദ്ര മന്ത്രിയായിരുന്ന മനേക ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം 1999ല്‍ മധുമാല വീണ്ടും സെന്റിനല്‍ ദ്വീപിലേക്ക് പോയിരുന്നു. അന്ന് 'സുഹൃത്ത്' എന്നര്‍ത്ഥം വരുന്ന അവരുടെ ഭാഷയില്‍ 'മിലലേ' എന്ന് വിളിച്ചാണ് അവര്‍ അഭിസംബോധന ചെയ്തത്.

Similar Posts