International Old
യു.എസില്‍ നിന്നുള്ള കാര്‍ ഇറക്കുമതി തീരുവ ചൈന  കുറച്ചെന്ന് ട്രംപ്
International Old

യു.എസില്‍ നിന്നുള്ള കാര്‍ ഇറക്കുമതി തീരുവ ചൈന കുറച്ചെന്ന് ട്രംപ്

Web Desk
|
4 Dec 2018 2:43 AM GMT

അമേരിക്കന്‍ നിര്‍മിത വാഹനങ്ങളുടെ ഇറക്കുമതി തീരുവ ചൈന 40 ശതമാനം കുറച്ചെന്നാണ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. 

യു.എസില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ ചൈന കുറച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചൈന-യു.എസ് വ്യാപാരയുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രതികരണം.

അമേരിക്കന്‍ നിര്‍മിത വാഹനങ്ങളുടെ ഇറക്കുമതി തീരുവ ചൈന 40 ശതമാനം കുറച്ചെന്നാണ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യം ചൈന സ്ഥിരീകരിച്ചില്ല. അര്‍ജന്‍റീനയില്‍ ജി20 ഉച്ചകോടിക്കിടെ ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിംപിങും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ചൈന-യു.എസ് വ്യാപാരയുദ്ധത്തിന് താത്കാലിക പരിഹാരം കണ്ടത്. പുതിയ ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം ഇരുരാജ്യങ്ങളും 90 ദിവസത്തേക്ക് നീട്ടിവെക്കാനും തീരുമാനിച്ചിരുന്നു.

2019 ജനുവരി ഒന്നുമുതൽ 20,000 കോടി ഡോളറിന്‍റെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10 മുതൽ 25 ശതമാനം വരെ വർധിപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനമാണ് അമേരിക്കക്കും ചൈനക്കുമിടയില്‍ തര്‍ക്കം രൂക്ഷമാക്കിയിരുന്നത്. ഈ തീരുമാനമാണ് അര്‍ജന്‍റീനയിലെ ചര്‍ച്ചയില്‍ അമേരിക്ക താത്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 90 ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിട്ടുള്ള തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കത്തിന് വെടിനിര്‍ത്തല്‍ വന്നയുടനെ ആഗോള ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായി.

Related Tags :
Similar Posts