യുദ്ധഭീഷണിയില്‍ റഷ്യ - യുക്രൈന് അതിര്‍ത്തി
|യുക്രൈന് യുദ്ധകപ്പലുകള്‍ക്ക് നേരെ റഷ്യ ആക്രമണം നടത്തുകയും നാവിക ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവില്ല. റഷ്യന്‍ ആക്രമണം നേരിടാന്‍ സര്‍വ്വസജ്ജമാണ് യുക്രൈന്. അതിനായി കരുതല്‍ സേന തയ്യാറായിരിക്കണമെന്ന് യുക്രൈന് പ്രസിഡന്റ് പെട്രോ പൊരഷെന്കോ നിര്‍ദേശിച്ചു.
വീണ്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ് റഷ്യ-യുക്രൈന് അതിര്‍ത്തി. യുക്രൈന് യുദ്ധകപ്പലുകള്‍ക്ക് നേരെ റഷ്യ ആക്രമണം നടത്തുകയും നാവിക ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതിന്റെ ഫലമായി റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ 30 ദിവസത്തെ പട്ടാളനിയമം പ്രഖ്യാപിച്ചു യുക്രൈന്. ഇതോടെ അതിര്‍ത്തിയില്‍ റഷ്യ സൈനിക സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിരുന്നു. കൂടാതെ മിസൈല്‍ വാഹിനി കപ്പലുകളും വിന്യസിച്ചിരുന്നു.
റഷ്യന്‍ ആക്രമണം ഏത് നിമിഷം ഉണ്ടായാലും അതിനെ നേരിടാന്‍ സര്‍വസജ്ജമാണ് യുക്രൈന് സേന. കൂടുതല്‍ കരുതല്‍ സേന തയ്യാറായി നില്‍ക്കണമെന്ന് പ്രസിഡന്റ് പെട്രോ പൊരഷെന്കോ നിര്‍ദേശിച്ചു. കൂടുതല്‍ സേനയെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുമുണ്ട്. റഷ്യന്‍ പ്രകോപനം തടയുന്നതിനായി മേഖലയില്‍ നാവിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ജര്‍മനിയോടും സഖ്യകക്ഷികളോടും യുക്രൈന് ആവശ്യപ്പെട്ടു. എന്നാല്‍ യുക്രൈന് പ്രസിഡന്റിന്റെ പുതിയ നിര്‍ദേശം അസംബദ്ധമാണെന്നും മേഖലയില്‍ സംഘര്‍ഷസാധ്യത കൂട്ടാന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്നും റഷ്യ പ്രതികരിച്ചു.
ക്രിമിയ സമുദ്രത്തില്‍ തങ്ങളുടെ മിസൈല്‍ കപ്പലുകള്‍ പരിശീലനം നടത്തിയെന്നും റഷ്യ പറഞ്ഞു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി താന്‍ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിരസിച്ചെന്ന് യുക്രൈന് പ്രസിഡന്റ് പറഞ്ഞു. അത്തരമൊരു ചര്‍ച്ച തീരുമാനിച്ചിട്ടില്ലെന്ന് റഷ്യന്‍ വക്താവ് വ്യക്തമാക്കി.