പ്രസിഡന്റിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍
|തുടര്‍ച്ചയായ രണ്ടാം തവണയും വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മദുറോ അധികാരം ഏറ്റെടുത്ത ശേഷം നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വെനസ്വേലയില്‍ അസ്ഥിരതയും അക്രമവും പ്രോല്‍സാഹിപ്പിക്കുകയാണെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍. പ്രസിഡന്റ് നിക്കോളാസ് മദുറോക്കെതിരെ പ്രതിഷേധിക്കന്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗൈഡോക്ക് അമേരിക്ക പിന്തുണ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ ആരോപിച്ചു.
തുടര്‍ച്ചയായ രണ്ടാം തവണയും വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മദുറോ അധികാരം ഏറ്റെടുത്ത ശേഷം നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. മദുറോയെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിനെതിരായ പ്രതിഷേധങ്ങള്‍ നടത്തുന്നത് അമേരിക്കയാണെന്നാണ് മന്ത്രി ജോര്‍ജ് റോഡിഗ്രസ് ആരോപിക്കുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗൈഡോയെ ഫോണില്‍ വിളിച്ച് അമേരിക്കന്‍ പിന്തുണ അറിയിച്ചെന്നും റോഡിഗ്രസ് പറഞ്ഞു.
1958ലെ പട്ടാള ഭരണകൂടത്തിന്റെ പതനത്തിന്റെ ഓര്‍മക്കായി രാജ്യ വ്യാപകമായി ഇന്ന് പ്രതിഷേധം നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. സ്വേച്ഛാധിപതി മാര്‍ക്കോസ് പെരസുമായാണ് മദുറോയെ സര്‍ക്കാര്‍ വിമര്‍ശകര്‍ താരതമ്യം ചെയ്യുന്നത്. മഡുറോയെ കുറ്റക്കാരനാക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. പ്രസിഡന്റിനെതിരെ രംഗത്ത് വന്ന സൈനികരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൈനിക കേന്ദ്രത്തില്‍ നിന്ന് ആയുധം കൊള്ളയടിച്ചുവെന്നും ഓഫീസര്‍മാരെ തട്ടിക്കൊണ്ടുപോയി എന്നുമാരോപിച്ചാണ് സൈനികരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്.