International Old
വെനസ്വേലയിലെ എണ്ണ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
International Old

വെനസ്വേലയിലെ എണ്ണ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

Web Desk
|
29 Jan 2019 2:17 AM GMT

പെട്രോളിയം, സ്വര്‍ണം എന്നിവയില്‍ കണ്ണ് വെച്ചാണ് വെനസ്വേല രാഷ്‍ട്രീയത്തിലേക്കുള്ള അമേരിക്കയുടെ കടന്നു കയറ്റം.

വെനസ്വേലയിലെ എണ്ണ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. വെനസ്വേലയില്‍ അധികാര കൈമാറ്റത്തിനുള്ള ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം. വെനസ്വേലയിലെ എണ്ണ ഇറക്കുമതിയില്‍ 41 ശതമാനവും അമേരിക്കയില്‍ നിന്നുള്ളതാണ്. എന്നാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കാനാവാത്ത വിധം അക്കൌണ്ടുകള്‍ മരവിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം.

വെനസ്വേലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിപക്ഷ നേതാവ് യുവാന്‍ ഗയ്ഡോയ്ക്കെതിരെയും ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് വെനസ്വേലയില്‍ അധികാര കൈമാറ്റത്തിന്‍ നടപടികള്‍ ശക്തമാക്കി അമേരിക്ക എണ്ണ ഇറക്കുമതിക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മഡുറോയ്‌ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്‌ഡോയ്ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയടക്കം 21 രാജ്യങ്ങള്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജിവച്ച്‌ പകരം യുവാന്‍ ഗെയ്‌ഡോ ഇടക്കാല പ്രസിഡന്റാകണമെന്ന് ആഴ്ചകള്‍ക്ക് മുമ്പേ നിലപാടെടുത്തിരുന്നു. അടുത്ത എട്ട് ദിവസത്തിനുള്ളില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ യുവാന്‍ ഗയ്ഡോയെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം വെനസ്വേല തള്ളി. പെട്രോളിയം, സ്വര്‍ണം എന്നിവയില്‍ കണ്ണ് വെച്ചാണ് വെനസ്വേല രാഷ്‍ട്രീയത്തിലേക്കുള്ള അമേരിക്കയുടെ കടന്നു കയറ്റം.

Related Tags :
Similar Posts