ലോക്ഡൌണും വേണ്ട, മാസ്കും വേണ്ട; വൈറസിനെ നിസാരമായി കണ്ട ബ്രസീല്‍ പ്രസിഡന്‍റിന് കോവിഡ്
|സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് കുറച്ച് കാലത്തേക്ക് മാത്രം നടപ്പാക്കിയ ലോക്ഡൌണ്‍ ബൊല്‍സൊണാരോ പിന്‍വലിച്ചത്
കോവിഡ് ചെറിയൊരു പനിയും ജലദോഷം വരുന്നതുപോലെയാണെന്നും പറഞ്ഞ് കോവിഡിനെ നിസാരമായി കണ്ട ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സൊണാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം ബ്രസീലില്‍ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് എല്ലാ നിയന്ത്രണങ്ങളും ബൊല്‍സൊണാരോ പിന്‍വലിച്ചിരുന്നു. സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് കുറച്ച് കാലത്തേക്ക് മാത്രം നടപ്പാക്കിയ ലോക്ക്ഡൗണ്‍ ബൊല്‍സൊണാരോ പിന്‍വലിച്ചത്. മാസ്ക് വയ്ക്കേണ്ട കാര്യമില്ലെന്നായിരുന്നു പ്രസിഡന്‍റിന്‍റെ പക്ഷം.
65കാരനായ ബോല്‍സൊണാരോക്ക് ഞായറാഴ്ച മുതലാണ് കോവിഡിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ നാലാമത്തെ പരിശോധനയിലാണ് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചത്. ബോല്‍സൊണാരോ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ ആശംസിച്ചു. നമ്മള്‍ കൂടുതല്‍ ബോധവാന്‍മാരാകണമെന്നും അദ്ദേം പറഞ്ഞു.
കോവിഡിനെ തനിക്ക് പേടിയില്ലെന്നും ഇതൊരു ചെറിയ ജലദോഷപ്പനിയാണെന്നുമായിരുന്നു ബോല്‍സൊണാരോ കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞത്. മാസ്ക് വയ്ക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തിരുന്നു. വൈറസിനെക്കാള്‍ സാമ്പത്തികമേഖലയെ ബാധിക്കുമെന്ന കാരണം പറഞ്ഞ് ലോക്ഡൌണിനും അദ്ദേഹം എതിരായിരുന്നു. മാധ്യമങ്ങളാണ് കുപ്രചരണങ്ങള്‍ നടത്തുന്നതെന്നായിരുന്നു പ്രസിഡന്‍റിന്‍റെ ആരോപണം. മാസ്ക് ധരിക്കാതെ നിരവധി പൊതുചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ബ്രസീലിലെ ഊഷ്മളമായ കാലാവസ്ഥയില്‍ വൈറസ് വ്യാപിക്കില്ലെന്നും മഹാമാരി അവസാനിച്ചുവെന്നുമായിരുന്നു മാര്‍ച്ച് 18ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിന് ശേഷം ബ്രസീല്‍ കൂടുതല്‍ മോശമായ അവസ്ഥയിലേക്കാണ് പോയത്.
ഞായറാഴ്ച, ബ്രസീലിയയിലെ യു.എസ് എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്‍റ് ബോൾസോനാരോയും മറ്റുള്ളവരും പങ്കെടുക്കുന്ന ഒരു ഫോട്ടോ വിദേശകാര്യ മന്ത്രി ഏണസ്റ്റോ അറാജോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മാസ്ക് ആരും മാസ്ക് ധരിച്ചില്ലെന്ന് മാത്രമല്ല, സാമൂഹിക അകലം പാലിച്ചിട്ടുമില്ല.
ബ്രസീലില്‍ ഇതുവരെ 17,16,196 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 68,055 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 11,17,922 വൈറസില്‍ നിന്നും രോഗമുക്തി നേടി