86 വര്‍ഷത്തിന് ശേഷം ഇതാദ്യം; ഹാഗിയ സോഫിയ പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു
|ഇക്കഴിഞ്ഞ ജൂലൈ 10നാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് 1500 വര്‍ഷം പഴക്കമുള്ള ലോകപ്രശസ്ത മ്യൂസിയം പള്ളിക്കായി തുറന്നുകൊടുത്തത്.
86 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തുര്‍ക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി മുസ്ലിംകള്ക്ക് പ്രാര്‍ത്ഥനക്കായി തുറന്നുകൊടുത്തു. ഇന്ന് വെള്ളിയാഴ്ച്ച നമസ്കാരം നിര്‍വ്വഹിച്ചുകൊണ്ടാണ് പള്ളി ഔദ്യോഗികമായി തുറന്നത്. ഇക്കഴിഞ്ഞ ജൂലൈ 10നാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് 1500 വര്‍ഷം പഴക്കമുള്ള ലോകപ്രശസ്ത മ്യൂസിയം പള്ളിക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഹാഗിയ സോഫിയ മ്യൂസിയമാക്കി മാറ്റിയത് വലിയ ഒരു തെറ്റായിരുന്നെന്ന് നേരത്തെ ഉര്ദുഗാന് പ്രസ്താവിച്ചിരുന്നു.
തുര്‍ക്കിയിലെ ഏറ്റവും ഉയര്‍ന്ന മതകാര്യ അധ്യക്ഷന്‍ ദിയാനെറ്റിനാണ് പള്ളിയുടെ ചുമതല. 700 തൊട്ട് 1000 വരെ ആളുകള്‍ക്ക് പള്ളിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമസ്കരിക്കാമെന്ന് പള്ളി അധികാരി അലി എര്‍ബാസ് അല്‍ ജസീറയോട് പറഞ്ഞു. പള്ളിയുടെ നിലത്ത് കാര്‍പെറ്റ് വിരിച്ചാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളിൽ ഒന്നാണ് ഹാഗിയ സോഫിയ. ആറാം നൂറ്റാണ്ടിൽ (എ.ഡി 537 ) നിർമിച്ച ഈ കെട്ടിടം കോൺസ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയൻ നിർമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമിച്ചത്. ആദ്യ കാലത്ത് ഒരു ക്രിസ്ത്യന്‍ കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയ(ചർച്ച് ഓഫ് ദ് ഹോളി വിസ്ഡം) 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ പള്ളിയായി മാറുകയായിരുന്നു. പിൽക്കാലത്ത് ഈ കെട്ടിടം മ്യൂസിയമായി മാറ്റി. 1935 മുതല്‍ ഇത് മ്യൂസിയമായി നിലകൊള്ളുകയാണ്. 1985 ൽ ഇസ്താംബൂളിലെ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
അതെ സമയം മ്യൂസിയം, മുസ്ലിം പള്ളിയാക്കുന്നതിനെതിരെ അമേരിക്ക, യൂറോപ്യന്‍ യൂണിയന്, റഷ്യ, യുനെസ്കോ, വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവര്‍ രംഗത്തുവന്നു. തുര്‍ക്കിയുടെ അയല്‍ രാജ്യമായ ഗ്രീസ് പുതിയ മാറ്റത്തെ ശക്തമായി തന്നെ എതിര്‍ത്തിരിക്കുകയാണ്. ആധുനിക ലോകത്തിനെതിരായ തുറന്ന പ്രകോപനം എന്നാണ് ഗ്രീസ് മ്യൂസിയം പള്ളിയാക്കിയതിനെ വിമര്‍ശിച്ചത്.