International Old
ഉയ്ഗൂര്‍ വംശഹത്യ; ചൈനയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം
International Old

ഉയ്ഗൂര്‍ വംശഹത്യ; ചൈനയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം

Web Desk
|
23 March 2021 9:51 AM GMT

യൂറോപ്യൻ യൂണിയൻ, യു.കെ, യു.എസ്, കാനഡ എന്നിവ സംയുക്തമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

സിൻജിയാങ്​ പ്രവിശ്യയിലെ മുസ്ലീം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെയുള്ള വംശഹത്യയുടെ പേരില്‍ ചൈനീസ്​ ഭരണകൂടത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണി​യൻ, യു.കെ, യു.എസ്​, കാനഡ എന്നിവ സംയുക്തമായാണ്​ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉയ്ഗൂറുകൾക്ക്​ അടിസ്​ഥാന മൗലികാവകാശങ്ങൾ വരെ ചൈന നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ​

സിൻജിയാങ്​ പ്രവിശ്യയിലെ ബന്ധപ്പെട്ട വകുപ്പ്​ തലവൻമാർ, പാർട്ടി മേധാവികൾ എന്നിവരാണ് നടപടികള്‍ നേരിടേണ്ടിവരിക. പൊതുസുരക്ഷാ ബ്യൂറോ ഡയറക്​ടർ ചെൻ മിൻഗുവോ, കമ്യൂണിസ്റ്റ്​ പാർട്ടി സ്റ്റാന്‍റിങ്​ കമ്മിറ്റി അംഗം വാങ്​ മിങ്ങാഷൻ, ഉപമേധാവി സു ഹായിലൂൻ, പ്രൊഡക്​ഷൻ ആന്‍റ്​ കൺസ്​ട്രക്​ഷൻ കോപ്​സിലെ വാങ്​ ജുൻഷെങ് എന്നിവര്‍ക്കും ഉയ്​ഗൂർ ക്യാമ്പുകളുടെ നടത്തിപ്പ്​ ചുമതലയുള്ള സിൻജിയാങ്​ പ്രൊഡക്​ഷൻ ആന്‍റ്​ കൺസ്​ട്രക്​ഷൻ കോർപ്​സ്​ പബ്ലിക്​ സെക്യൂരിറ്റി ബ്യൂറോയ്ക്കുമെതിരെയാണ് ഉപരോധം.

സിൻജിയാങ്​ പ്രവിശ്യയിൽ നിയമവിരുദ്ധമായി നിർമിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പീഡന മുറകളും ലൈംഗിക ചൂഷണവും വംശഹത്യയുമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. അന്യപ്രവിശ്യകളിലേക്ക് തൊഴി​ലിനെന്ന പേരിൽ നിർബന്ധിതമായി ആളുകളെ കയറ്റി അയക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ​

1989ലെ ടിയാനെൻമൻ സ്​ക്വയർ കുരുതിക്കു ശേഷം ആദ്യമായാണ്​ യൂറോപ്യൻ യൂണിയൻ ചൈനയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തുന്നത്​. അതേസമയം, പ്രതിഷേധ സൂചകമായി യൂറോപ്യന്‍ ഉദ്യോഗസ്ഥർക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്​. യൂറോപിലെ 10 പേർക്കും നാല്​ സ്ഥാപനങ്ങൾക്കും ചൈനയിലേക്ക്​ പ്രവേശിക്കുന്നതിനും വ്യവസായം നടത്തുന്നതിനുമാണ് വിലക്ക്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts