ചെങ്കടലില്‍ ഇറാന്‍ ചരക്കുകപ്പല്‍ ആക്രമിക്കപ്പെട്ടു; പിന്നില്‍ ഇസ്രായേലെന്ന് സൂചന
|യെമൻ തീരത്ത് കപ്പലിന്‍റെ സാന്നിധ്യത്തിനെതിരെ അറബ് രാഷ്ട്രങ്ങൾ ശക്തമായി രംഗത്തുണ്ടായിരുന്നു.
യെമനിനോട് ചേർന്ന് ചെങ്കടലിൽ വർഷങ്ങളായി നങ്കൂരമിട്ട ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം. അർധ സൈനിക റവല്യൂഷണറി വിഭാഗത്തിന്‍റെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന എം.വി സാവിസിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നില്‍ ഇസ്രായേലാണെന്നാണ് വിലയിരുത്തല്‍.
ഇറാനും വൻശക്തി രാജ്യങ്ങളും ആണവ കരാർ ചർച്ച പുനരാരംഭിച്ച ചൊവ്വാഴ്ചയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചതായി ന്യൂയോർക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സാവിസ് കപ്പലിനു മുകളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
യെമൻ തീരത്ത് കപ്പലിന്‍റെ സാന്നിധ്യത്തിനെതിരെ അറബ് രാഷ്ട്രങ്ങൾ ശക്തമായി രംഗത്തുണ്ടായിരുന്നു. യെമനിലെ ഹൂതി വിമതർക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയത് ഈ കപ്പൽ വഴിയാണെന്നും ആരോപണമുണ്ടായിരുന്നു.
എന്നാൽ, ചെങ്കടലിനും ബാബുൽ മൻദബ് കടലിടുക്കിനുമിടയിൽ കടൽക്കൊള്ളയുടെ സാധ്യത അവസാനിപ്പിക്കാനാണ് കപ്പൽ നങ്കൂരമിട്ടതെന്നാണ് ഇറാന്‍റെ പ്രതികരണം. സർക്കാറിനു കീഴിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിങ് ലൈൻസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാവിസ് കപ്പൽ 2016ലാണ് ചെങ്കടലിലെത്തിയത്.
ഈ കപ്പലിൽ ഇടവിട്ട് അവശ്യ വസ്തുക്കൾ എത്തിക്കുന്നതായാണ് റിപ്പോർട്ട്. 2015 വരെ കപ്പലിനെതിരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാൻ ആണവ കരാർ നിലവിൽ വന്നതോടെയാണ് ഇളവ് ലഭിച്ചത്. എന്നാല്‍, ട്രംപ് ഭരണകാലത്ത് കപ്പൽ വീണ്ടും ഉപരോധ പരിധിയിലായി.